മൂന്നര വർഷത്തിനിടെ മുലപ്പാല്‍ നല്‍കിയത് 3,816 നവജാത ശിശുക്കൾക്ക്! അകോളയിലെ 'യശോദ മദർ' എന്ന മാതൃക

മൂന്നര വർഷത്തിനിടെ മുലപ്പാല്‍ നല്‍കിയത് 3,816 നവജാത ശിശുക്കൾക്ക്! അകോളയിലെ 'യശോദ മദർ' എന്ന മാതൃക

3,621 മുലയൂട്ടുന്ന അമ്മമാർ ഇതുവരെ 714 ലിറ്റർ പാൽ ആണ് ബാങ്കിലേക്ക് നൽകിയിട്ടുള്ളത്
Published on


മഹാരാഷ്ട്രയിലെ അകോളയിലുള്ള ജില്ലാ വനിതാ ആശുപത്രിയിൽ പ്രവർത്തിക്കുന്ന മുലപ്പാൽ ബാങ്ക് മൂന്നര വർഷത്തിനിടെ 3,816 നവജാത ശിശുക്കൾക്കാണ് സൗജന്യമായി മുലപ്പാൽ നൽകിയതെന്ന് ആശുപത്രി അധികൃതർ. 2021 ഓഗസ്റ്റിലാണ് സ്ഥാപനം പ്രവർത്തനമാരംഭിച്ചത്. ജില്ലയിലും സമീപ ജില്ലകളിലും കുട്ടികൾ പോഷകാഹാരക്കുറവ് നേരിട്ടതോടെയാണ് ഇത്തരമൊരു പദ്ധതിക്ക് തുടക്കമിട്ടത്.


അകോളയിലെയും അയൽ സംസ്ഥാനങ്ങളായ വാഷിം, ബുൽദാന ജില്ലകളിലെയും ജില്ലാ വനിതാ ആശുപത്രികളിൽ പ്രതിവർഷം 12,000 ത്തിലധികം സ്ത്രീകളാണ് പ്രസവിക്കുന്നത്. ബലഹീനത, ശാരീരിക പ്രശ്നങ്ങൾ, മറ്റ് ബുദ്ധിമുട്ടുകൾ കൊണ്ടും നിരവധി സ്ത്രീകൾക്ക് മുലയൂട്ടാൻ സാധിക്കാറില്ല. ഇത് പരിഹരിക്കുന്നതിനായാണ് 2021 ഓഗസ്റ്റിൽ ആശുപത്രിയിൽ യശോദ മദർ മിൽക്ക് ബാങ്ക് ആരംഭിച്ചതെന്ന് മെഡിക്കൽ ഫെസിലിറ്റി സൂപ്രണ്ട് ഡോ. ജയന്ത് പാട്ടീൽ പറഞ്ഞു.

2020 ൽ അമരാവതി ജില്ലയിലെ ആദിവാസി മേഖലയായ മെൽഘട്ടിൽ ഒരു കുഞ്ഞ് ജനിച്ചു. ശരീരിക പ്രശ്നങ്ങൾ മൂലം അമ്മയ്ക്ക് കുഞ്ഞിനെ മുലയൂട്ടാൻ സാധിച്ചിരുന്നില്ല. പോഷകങ്ങളുടെ അഭാവം മൂലം കുഞ്ഞിൻ്റെ ആരോ​ഗ്യസ്ഥിതി മോശമാകാൻ തുടങ്ങി. അപ്പോഴാണ് തെട്ടടുത്ത വീട്ടിലെ സരള ടോട്ടെ എന്ന ആദിവാസി സ്ത്രീ കുഞ്ഞിനെ മുലയൂട്ടിയത്. ടോട്ടെയെ പിന്നീട് യശോദ പാൽ ബാങ്കിന്റെ ബ്രാൻഡ് അംബാസഡറാക്കുകയും അവരെ ആദരിക്കുകയും ചെയ്തുവെന്നും പാട്ടീൽ പറഞ്ഞു.

3,621 മുലയൂട്ടുന്ന അമ്മമാർ ഇതുവരെ 714 ലിറ്റർ പാൽ ആണ് ബാങ്കിലേക്ക് നൽകിയിട്ടുള്ളത്. ഇതിൽ 3,816 നവജാത ശിശുക്കൾക്കായി 708 ലിറ്റർ മുലപ്പാൽ നൽകിയിട്ടുണ്ടെന്നും ജയന്ത് പാട്ടീൽ പറഞ്ഞു. -20 ഡിഗ്രി സെൽഷ്യസിൽ വൈദ്യശാസ്ത്രപരമായി സംസ്കരിച്ച് സൂക്ഷിക്കുന്ന ബാങ്കിൽ മുലപ്പാൽ ദാനം ചെയ്യാൻ എല്ലാ ദിവസവും 15 മുതൽ 20 വരെ സ്ത്രീകളാണ് മുന്നോട്ട് വരുന്നതെന്നും അധികൃതർ പറഞ്ഞു.

News Malayalam 24x7
newsmalayalam.com