
കോഴിക്കോട് മടപ്പള്ളിയിൽ സീബ്രാലൈൻ മുറിച്ചുകടക്കുകയായിരുന്ന വിദ്യാർഥിനികള്‍ ബസിടിച്ച് പരുക്കേറ്റ കേസിൽ ഡ്രൈവർ അറസ്റ്റിൽ. കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫുറൈസ് ഖിലാബിനെ ചോമ്പാല പൊലീസാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് വടകര -തലശ്ശേരി ദേശീയ പാതയിൽ മടപ്പള്ളി കോളേജിന് സമീപം സീബ്ര ലൈൻ മുറിച്ചുകടക്കുകയായിരുന്ന മൂന്ന് വിദ്യാർഥിനികള്‍ക്ക് ബസ് ഇടിച്ച് പരിക്കേറ്റത്. കണ്ണൂർ - തൃശ്ശൂർ റൂട്ടിലോടുന്ന അയ്യപ്പൻ എന്ന സ്വകാര്യ ബസാണ് അമിത വേഗതയിലെത്തി വിദ്യാർഥിനികളെ ഇടിച്ചത്. അപകടത്തിൽ വിദ്യാർഥികൾക്ക് സാരമായി പരിക്കേറ്റിരുന്നു. അപകട ശേഷം ബസ് ഡ്രൈവർ ബസ്സിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു.
ഇന്ന് ഉച്ചയോടെയാണ് ചോമ്പാല പോലീസ് ഫുറൈസിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഫുറൈസിൻ്റെ ലൈസൻസ് റദ്ദ് ചെയ്യാൻ പൊലീസ് മോട്ടോർ വാഹന വകുപ്പിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്.