
ബംഗ്ലാദേശിലെ ആഭ്യന്തര വിഷയങ്ങളുമായി ബന്ധപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നടത്തിയ പരാമർശങ്ങളെ ബംഗ്ലാദേശ് ഔദ്യോഗികമായി എതിർത്തതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. നമ്മുടെ ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ പ്രകാരം രാജ്യത്തിന്റെ വിദേശ കാര്യങ്ങളിൽ തീരുമാനം എടുക്കാനുള്ള അവകാശം കേന്ദ്രത്തിന് മാത്രമാണെന്നത് അടിവരയിടാൻ ആഗ്രഹിക്കുന്നതായും വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ബംഗ്ലാദേശിൽ നടക്കുന്നത് ആ രാജ്യത്തിൻ്റെ ആഭ്യന്തര കാര്യമാണ്. എന്നാൽ ഇതുവരെ 6,700-ലധികം ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിതമായി മടക്കിക്കൊണ്ട് വരാൻ സഹായിച്ച ബംഗ്ലാദേശ് സർക്കാരിനോട് നന്ദിയുണ്ടെന്നും അദ്ദേഹം അറിയിച്ചു.
മമത ബാനര്‍ജിയുടെ പരാമര്‍ശങ്ങളില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷനിലാണ് ബംഗ്ലാദേശ് ഇന്ന് അതൃപ്തി അറിയിച്ചത്. ബംഗ്ലാദേശിന്റെ ആഭ്യന്തര കാര്യങ്ങളുമായി ബന്ധപ്പെട്ട് മമത നടത്തിയ പരാമര്‍ശങ്ങള്‍ പ്രകോപനപരവും കൃത്യതയില്ലാത്തതുമാണെന്നാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ അറിയിച്ചത്. സര്‍ക്കാര്‍ രാജ്യത്ത് സാമാധാനം കൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്നും ഇതിനിടയില്‍ വിദ്യാര്‍ത്ഥികളുടെ മരണവുമായി ബന്ധപ്പെട്ടതുള്‍പ്പെടെയുള്ള മമതയുടെ പരാമര്‍ശങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ബംഗ്ലാദേശ് പറഞ്ഞു.
ബംഗ്ലാദേശില്‍ തുടരുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍ ആരെങ്കിലും അഭയം തേടി വന്നാല്‍ അവര്‍ക്കായി ബംഗാളിൻ്റെ വാതിലുകള്‍ തുറന്നിടുമെന്നായിരുന്നു മമത ബാനര്‍ജി പറഞ്ഞത്. ഇതിനെതിരെയാണ് ബംഗ്ലാദേശ് രംഗത്തെത്തിയത്. മമത ബാനര്‍ജിയുടെ പരാമര്‍ശം ഗുണകരമാവില്ലെന്നും ഇത്തരത്തില്‍ അഭയാര്‍ഥികള്‍ക്ക് അവസരം നല്‍കുന്നത് തീവ്രവാദികള്‍ക്കും അക്രമികള്‍ക്കും ഉൾപ്പെടെ അവസരം മുതലെടുക്കാന്‍ സാഹചര്യമൊരുക്കുമെന്നുമാണ് ബംഗ്ലാദേശ് പറഞ്ഞത്.