ഒടുവിൽ വിവാദ നായിക പുറത്ത്; പൂജ ഖേഡ്ക്കറെ ഐഎഎസിൽ നിന്ന് പുറത്താക്കി കേന്ദ്ര സർക്കാർ

നേരത്തെ പൂജ ഖേഡ്ക്കറുടെ സെലക്ഷൻ റദ്ദാക്കിയതിന് ശേഷം, യുപിഎസ്‌സി അവരെ ആജീവനാന്തം പ്രവേശന പരീക്ഷ എഴുതുന്നതിൽ നിന്ന് വിലക്കിയിരുന്നു
ഒടുവിൽ വിവാദ നായിക പുറത്ത്; പൂജ ഖേഡ്ക്കറെ ഐഎഎസിൽ നിന്ന് പുറത്താക്കി കേന്ദ്ര സർക്കാർ
Published on


പൂജ ഖേഡ്ക്കറെ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ നിന്ന് (ഐഎഎസ്) പുറത്താക്കി കേന്ദ്ര സർക്കാർ. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) സർക്കാർ സർവീസിലെ ഏറ്റവും കൂടുതൽ ഡിമാൻഡുള്ള വിഭാഗത്തിലേക്കുള്ള സെലക്ഷൻ റദ്ദാക്കി ഒരു മാസത്തിനിപ്പുറമാണ് കടുത്ത നടപടിയിലേക്ക് കേന്ദ്രം നീങ്ങിയത്.

ഒബിസി, വികലാംഗ ക്വാട്ട ആനുകൂല്യങ്ങൾക്കായി തെറ്റായി അവകാശ വാദം ഉന്നയിച്ചതിലൂടെയും, യുപിഎസ്‌സിയെ വഞ്ചിച്ചതിലൂടെയും ഖേഡ്ക്കർ കുറ്റക്കാരിയാണെന്ന് കേന്ദ്രം കണ്ടെത്തി. നേരത്തെ പൂജ ഖേഡ്ക്കറുടെ സെലക്ഷൻ റദ്ദാക്കിയതിന് ശേഷം, യുപിഎസ്‌സി അവരെ ആജീവനാന്തം പ്രവേശന പരീക്ഷ എഴുതുന്നതിൽ നിന്ന് വിലക്കിയിരുന്നു. പലതവണ യുപിഎസ്‌സി പരീക്ഷയെഴുതാനായി പൂജ വ്യാജ ഐഡൻ്റിറ്റി ചമച്ചതിനും കുറ്റക്കാരിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

പേര്, മാതാപിതാക്കളുടെ പേര്, ചിത്രം, ഒപ്പ്, ഇ-മെയിൽ ഐഡി എന്നിവയിൽ കൃത്രിമം കാണിച്ച് പൂജ ഖേഡ്ക്കർ പരീക്ഷാ ചട്ടങ്ങൾ ലംഘിച്ചുവെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. ഇത് ചൂണ്ടിക്കാണിച്ച് 2022ലെ സിവിൽ സർവീസ് പരീക്ഷാ ചട്ടം പ്രകാരമാണ് പൂജയുടെ ഐഎഎസ് യുപിഎസ്‌സി റദ്ദാക്കിയതും, തുടർപരീക്ഷകളിൽ നിന്ന് വിലക്കിയതും.

വിവാദത്തെത്തുടർന്ന് 2009നും 2023നും ഇടയിൽ ഐഎഎസ് സെലക്ഷൻ പട്ടികയിലിടം നേടിയ 15,000ത്തിലധികം ഉദ്യോഗാർത്ഥികളുടെ വിവരങ്ങൾ യുപിഎസ്‌സി പരിശോധിച്ചു. പരിശോധനയിൽ പൂജ മനോരമ ദിലീപ് ഖേഡ്ക്കർ ഒഴികെ മറ്റാരും തട്ടിപ്പ് നടത്തിയതായി കണ്ടെത്താനായില്ലെന്നും യുപിഎസ്‌സിയെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

രണ്ട് വർഷത്തെ പ്രൊബേഷൻ കാലയളവിൽ അർഹതയില്ലാതെ കാർ, സ്റ്റാഫ്, ഓഫീസ് തുടങ്ങിയ ആനുകൂല്യങ്ങൾക്കായുള്ള ട്രെയിനി ഐഎഎസ് ഓഫീസറുടെ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി പൂനെ കളക്ടർ സുഹാസ് ദിവാസെ മഹാരാഷ്ട്ര ചീഫ് സെക്രട്ടറി സുജാത സൗനിക്കിന് ജൂണിൽ കത്തെഴുതിയതോടെയാണ് ഖേദ്ക്കറിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും വാർത്തകളിലിടം നേടിയത്. ഇതിന് ശേഷം പൂജയെ വാഷിമിലേക്ക് സ്ഥലം മാറ്റിയിരുന്നു.

മഹാരാഷ്ട്ര സർക്കാരിൻ്റെ ജനറൽ അഡ്മിനിസ്ട്രേറ്റീവ് ഡിപ്പാർട്ട്മെൻ്റ് അഡീഷണൽ സെക്രട്ടറി നിധിൻ ഗാദ്രേ വിഷയത്തിൽ കേന്ദ്ര സർക്കാരിൻ്റെ പേഴ്സണൽ ആൻഡ് ട്രെയിനിങ് ഡിപ്പാർട്ട്മെൻ്റിന് നേരത്തെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കേസ് അന്വേഷിക്കുന്ന കേന്ദ്ര അഡീഷണൽ സെക്രട്ടറി മനോജ് ദിവേദിയുടെ നേതൃത്വത്തിലുള്ള ഏകാംഗ സമിതിക്കും നിധിൻ റിപ്പോർട്ട് നൽകിയിരുന്നു. സ്വന്തം ഔഡി കാറിൽ ആംബർ ബീക്കണും സംസ്ഥാന സർക്കാരിൻ്റെ ചിഹ്നവും ഘടിപ്പിച്ചതും, ഒരു മുതിർന്ന ഉദ്യോഗസ്ഥനുമായുള്ള തർക്കവുമുൾപ്പെടെ, നിരവധി വിവാദങ്ങളാണ് പൂജ ഖേഡ്ക്കറിനെതിരെ ഉയർന്നത്.

മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന് പിന്നാലെ പൂജ സമര്‍പ്പിച്ച ജാതി സര്‍ട്ടിഫിക്കറ്റും വ്യാജമാണോ എന്ന് സംശയം ഉയർന്നിരുന്നു. പൂജ ഖേഡ്ക്കറിൻ്റെ പിതാവ് ദിലീപ് ഖേഡ്ക്കറുടെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ 40 കോടി രൂപ ആസ്തിയുണ്ടെന്നാണ് കാണിച്ചിരിക്കുന്നത്. പിതാവിൻ്റെ സമ്പത്ത് കണക്കിലെടുക്കുമ്പോൾ ഒബിസി നോൺ ക്രീമിലെയർ പദവിക്ക് പൂജ എങ്ങനെ യോഗ്യത നേടിയെന്നതും ചോദ്യം ചെയ്യപ്പെട്ടിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com