
പിണറായി വിജയൻ മുഖ്യമന്ത്രിയായി ഇരിക്കുന്ന കാലത്ത് ചീഫ് സെക്രട്ടറിയാകാൻ കഴിഞ്ഞതിൽ അഭിമാനമെന്ന് ചീഫ് സെക്രട്ടറി വി. വേണു. ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്ന വി. വേണുവിന് നൽകിയ യാത്രയയപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി സ്നേഹവും വാത്സല്യവും വാരിക്കോരി നൽകി. കോടിയേരി ബാലകൃഷ്ണനൊപ്പം പ്രവർത്തിച്ചതും വലിയ അനുഭവം. ഇ.കെ. നായനാർക്കൊപ്പമുള്ള അനുഭവം മറക്കാനാകാത്തതാണ്. എടോ എന്ന വിളിയിലെ സ്നേഹവും ചേർത്തുനിർത്തലും നേരിട്ടറിയാൻ കഴിഞ്ഞു. യുവതലമുറയുടെ കൈകളിൽ സിവിൽ സർവീസ് ഭദ്രമെന്നും വി. വേണു പറഞ്ഞു.
വയനാട് ദുരന്തത്തിൽ വേണു നടത്തിയത് മികച്ച ഏകോപനമാണെന്നും, അപൂർവ്വം ചീഫ് സെക്രട്ടറിമാർക്ക് മാത്രമേ അത്തരത്തിൽ ആകാൻ കഴിയൂവെന്നും യാത്രയയപ്പ് ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വേണുവിൻ്റെ കലയോടുള്ള ആഭിമുഖ്യം ഒരു ഘട്ടത്തിലും സർക്കാർ സംവിധാനത്തിൽ ബാധിച്ചില്ല. കലയോടുള്ള ആഭിമുഖ്യം ചില വകുപ്പുകളിൽ ഗുണകരമാവുകയും ചെയ്തു. ഡോക്ടർമാർ പണിമുടക്കിയപ്പോൾ ഒപി വിഭാഗത്തിൽ ഡോക്ടറായി വീണ്ടും ജോലി ചെയ്യാൻ വേണു മടി കാണിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ വർഷമായിരുന്നു വി. വേണു ചീഫ് സെക്രട്ടറി ആയി ചുമതലയേറ്റത്. നിലവിൽ പ്ലാനിങ്ങ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും, വി. വേണുവിന്റെ ഭാര്യയുമായ ശാരദാ മുരളീധരനാണ് അടുത്ത ചീഫ് സെക്രട്ടറിയായി ചുമതലയേൽക്കുന്നത്. കേരള ചരിത്രത്തിൽ ആദ്യമാണ് ഭർത്താവും ഭാര്യയും ചീഫ് സെക്രട്ടറി ചുമതല കൈമാറുന്നത്.