
പാലക്കാട് നെന്മാറയിൽ 17 കാരനെ പൊലീസ് മർദിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മിഷൻ. നെന്മാറ എസ്എച്ച്ഒയോട് റിപ്പോ൪ട്ട് ആവശ്യപ്പെട്ടു. വിശദ അന്വേഷണത്തിന് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറെ ചുമതലപ്പെടുത്തി. ഇതിനു ശേഷം കൂടുതൽ നടപടി സ്വീകരിക്കുമെന്ന് ബാലാവകാശ കമ്മിഷൻ അറിയിച്ചു.
അതേസമയം സംഭവത്തിൽ പ്രാഥമിക റിപ്പോർട്ട് ജില്ലാ പോലീസ് മേധാവിക്ക് കൈമാറി. എസ്ഐ ആക്രമിച്ചിട്ടില്ലെന്ന റിപ്പോർട്ട് ആണ് കൈമാറിയത്. എസ്ഐ തല്ലിയതായി തെളിവ് ലഭിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞദിവസമാണ് നെന്മാറയിൽ 17 കാരനെ പൊലീസ് മർദിച്ചത്. രാവിലെ നെന്മാറ ടൗണിലെത്തിയ കുട്ടിയെ പൊലീസ് വാഹത്തിനടുത്തേക്ക് വിളിച്ചു വരുത്തിയ ശേഷം മുടിയിൽ പിടിച്ചുവലിച്ച് മർദിച്ചെന്നായിരുന്നു ആരോപണം. തുടർന്ന് മാധ്യമങ്ങളിൽ വാർത്ത വന്നതോടെ ജില്ലാ പൊലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ആലത്തൂർ ഡി.വൈ.എസ്.പിക്ക് ആയിരുന്നു അന്വേഷണ ചുമതല.
നാല് പൊലീസുകാരാണ് മർദിച്ച സമയത്ത് വാഹനത്തിൽ ഉണ്ടായിരുന്നത് എന്നാണ് കുട്ടി പറയുന്നത്. നെന്മാറ പൊലീസ് സ്റ്റേഷനിലെ എസ്ഐയാണ് മർദിച്ചത്. യാതൊരു പ്രകോപനവും ഇല്ലാതെയാണ് ആക്രമിച്ചതെന്നാണ് പരാതി. മുഖത്ത് പരുക്കേറ്റ പതിനേഴുകാരൻ നിലവിൽ നെന്മാറ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.