'കോട്ട് പോക്കറ്റ് ഭരണഘടന' ആവശ്യപ്പെട്ട് നിരവധിപ്പേർ ; ആശയത്തിന് പിറകിൽ മലയാളി അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ

മലയാളിയായ മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണനാണ് കോട്ട് പോക്കറ്റ് ഭരണഘടന എന്ന ആശയത്തിൻ്റെ പിറകിൽ പ്രവർത്തിച്ചിരിക്കുന്നത്.
'കോട്ട് പോക്കറ്റ് ഭരണഘടന' ആവശ്യപ്പെട്ട് നിരവധിപ്പേർ ; ആശയത്തിന് പിറകിൽ മലയാളി അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ
Published on

ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏറെ ചർച്ചയായ ഒന്നാണ് കോട്ട് പോക്കറ്റ് ഭരണഘടന. പ്രചാരണവേളകളിലും. തെരഞ്ഞെടുപ്പിനൊടുവിൽ സത്യപ്രതിജ്ഞ വേദിയിൽ വരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ കൈയ്യിൽ കണ്ട ഭരണഘടനയുടെ മിനിപതിപ്പ് ഇതിനോടകം നിരവധിപ്പേരുടെ കണ്ണിൽ ഉടക്കിക്കഴിഞ്ഞു. ചുവപ്പും കറുപ്പും കലർന്ന പുറം ചട്ടയോടെ കയ്യിലൊതുങ്ങുന്ന ഭരണഘടനയുടെ കുഞ്ഞുപതിപ്പ്. ഇപ്പോൾ രാജ്യമെമ്പാടും ഏറെ ആവശ്യക്കാരുള്ള ഈ കുഞ്ഞൻ ഭരണഘടനയുടെ ആശയവും ആമുഖവും മലയാളികളുടേതാണ്. 

മലയാളിയായ മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണനാണ് കോട്ട് പോക്കറ്റ് ഭരണഘടന എന്ന ആശയത്തിൻ്റെ പിറകിൽ പ്രവർത്തിച്ചിരിക്കുന്നത്. പുസ്ത്കത്തിന് ആദ്യം ആമുഖം എഴുതിയതാകട്ടെ മലയാളിയും മുൻ അറ്റോർണി ജനറലുമായ കെകെ വേണുഗാപാലുമാണ്. ഗോപാല്‍ ശങ്കരനാരായണന്‍ മിനി ഭരണഘടന എന്ന ആശയം മുന്നോട്ടുവെച്ചത് അഭിഭാഷകര്‍ക്ക് എളുപ്പം കൊണ്ടുനടക്കാനുള്ള സൗകര്യം പരിഗണിച്ചായിരുന്നു. അത് വിജയം കണ്ടു.

2009 ൽ ലഖ്‌നൗ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഈസ്റ്റേണ്‍ ബുക്ക് കമ്പനി അഥവാ ഇ.ബി.സി. ആദ്യമായി ഭരണഘടനയുടെ മിനി പതിപ്പിറക്കി. പിന്നീട് 16 എഡിഷനുകളാണ് വന്നത്. പത്തുവർഷം കൊണ്ട് വില 450 മുതല്‍ 875 രൂപയായി വര്‍ധിച്ചു. 624 പേജുള്ള കോട്ട് പോക്കറ്റ് ഭരണഘടനയ്ക്ക് 10.8 സെന്റിമീറ്റർ വീതിയും 2.1 സെന്റിമീറ്റർ ഘനവുമാണുള്ളത്. 

2009 ൽ ആദ്യഘട്ടത്തിൽ അടിച്ചിറക്കിയ 800 പതിപ്പുകൾ അടിച്ചറക്കിയത് മുഴുവനും വിറ്റുപോയിരുന്നു. പിന്നീടുള്ള ഓരോവര്‍ഷവും 5000 മുതല്‍ 6000 കോപ്പികള്‍വരെ വിറ്റുപോയിരുന്നു.ഇക്കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ രാജ്യത്ത് മിനി ഭരണഘടനയുടെ 5000 പുതിയ പതിപ്പാണ് വിറ്റുപോയത്.

വർഷങ്ങളായി കോട്ട് പോക്കറ്റ് ഭരണഘടനയുടെ കോപ്പികൾ മുതിർന്ന അഭിഭാഷകർക്കും, ജഡ്ജിമാർക്കും വിവിധ അക്കാദമിക് സ്ഥാപനങ്ങളിലും, സെലിബ്രിറ്റികൾക്കുമെല്ലാം ശങ്കരനാരായണൻ കോട്ട് പോക്കറ്റ് ഭരണഘടന സമ്മാനമായി നൽകാറുണ്ട്. സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ വിദേശരാജ്യങ്ങളിലോക്കുള്ള ഔദ്യോഗിക യാത്രകളിൽ ഭരണഘടനയുടെ ഈ പതിപ്പ് കൈവശം വെക്കാറുണ്ട്. രാജ്യത്തെ മിക്ക ലൈബ്രറികളിലും ഇത് ലഭ്യമാണ്. ഇപ്പോൾ കോൺഗ്രസ് ഓഫീസിൽ നിന്നും നിരവധി ഓർഡറുകൾ ലഭിച്ചതായി ഇ.ബി.സി ഡയറക്ടർ സുമീത് മാലിക് അറിയിച്ചു.  

Related Stories

No stories found.
News Malayalam 24x7
newsmalayalam.com