
പാമ്പനിലെ പുതിയ റെയിൽവേ പാലത്തിന്റെ നിർമാണം അവസാനഘട്ടത്തിലേക്ക്. രാജ്യത്തിന്റെ പ്രധാന തീർഥാടന ടൂറിസം കേന്ദ്രമായ രാമേശ്വരത്തേക്കുള്ള പുതിയ റെയിൽവേ പാലമാണ് നിർമ്മാണത്തിന്റെ അവസാന ഘട്ടത്തിലെത്തിയത്. ഹൈഡ്രോളിക് ലിഫ്റ്റ് സംവിധാനമുപയോഗിച്ച് ഉയർത്താൻ കഴിയുന്ന ഡ്രോ ബ്രിഡ്ജ് ആണ് നിർമ്മിക്കുന്നത്. ബോട്ടുകൾക്ക് കടന്നുപോകാൻ കഴിയുന്ന തരത്തിൽ ആവശ്യാനുസരണം ഉയർത്താനും താഴ്ത്താനും കഴിയുന്ന തരത്തിലാണ് പാലത്തിന്റെ നിർമാണം.
രണ്ട് കിലോമീറ്റർ നീളമുള്ള പാലത്തിന്റെ അവസാന അഞ്ഞൂറ് മീറ്ററുകളാണ് ഇനി പൂർത്തിയാക്കാനുള്ളത്. ഏറ്റവും മികച്ച അസംസ്‌കൃത വസ്തുക്കളാണ് പാലത്തിന്റെ നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നതെന്ന് അധികൃതർ ദേശീയ വാർത്ത ഏജൻസിയോട് പ്രതികരിച്ചു.
പാലത്തിന്റെ നിർമാണം പൂർത്തിയായാൽ രാമേശ്വരത്തേക്കുള്ള ട്രെയിൻ സർവീസ് പുനരാരംഭിക്കുമെന്ന് റെയിൽവേയും വ്യക്തമാക്കി. ഗുണനിലവാര സുരക്ഷാ പരിശോധനകൾക്ക് ശേഷമായിരിക്കും സർവീസ് ആരംഭിക്കുക. 2020ലാണ് പാലത്തിന്റെ നിർമാണം ആരംഭിച്ചത്.