വാഹന അപകട ഇൻഷുറൻസ് ക്ലെയിം നിരസിച്ചു; ഇൻഷുറൻസ് കമ്പനി 6.81 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി

വാഹന അപകട ഇൻഷുറൻസ് ക്ലെയിം നിരസിച്ചു; ഇൻഷുറൻസ് കമ്പനി 6.81 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി

യഥാസമയം അപകട വിവരം അറിയിക്കാതിരിക്കുന്നത് സംശയാസ്പദമാണെന്ന് ചൂണ്ടിക്കാണിച്ചാണ് കമ്പനി ക്ലെയിം നിരസിച്ചത്
Published on

അപകടത്തില്‍പ്പെട്ട് തകര്‍ന്ന കാറിന് സാങ്കേതിക കാര്യങ്ങള്‍ പറഞ്ഞ് ഇന്‍ഷുറന്‍സ് നിരസിച്ച ഇന്‍ഷുറന്‍സ് കമ്പനി, പരാതിക്കാരന് നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി. കമ്പനിയുടെ നടപടി അധാര്‍മികമെന്നും കോടതി പറഞ്ഞു.

നഷ്ടപരിഹാരമായി ഇന്‍ഷുറന്‍സ് കമ്പനി 6.81 ലക്ഷം രൂപ നല്‍കണമെന്നാണ് കോടതി ഉത്തരവ്. എറണാകുളം കലൂര്‍ സ്വദേശി കാജാ മൊയ്നുദ്ദീന്‍, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ സമര്‍പ്പിച്ച പരാതിയിലാണ് കോടതി നഷ്ടപരിഹാരം അനുവദിച്ചത്.

ഹോണ്ട സിവിക് കാറിന്റെ ഉടമസ്ഥനായ പരാതിക്കാരന്‍, ആലപ്പുഴയില്‍ നിന്ന് എറണാകുളത്തേക്ക് വരുന്ന വഴി വൈറ്റില പാലത്തിന് സമീപം വെച്ച് കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. ഇന്‍ഷുറന്‍സ് പരിരക്ഷ ഉള്ള കാലയളവിലാണ് ഈ അപകടം സംഭവിച്ചത്. സര്‍വേയര്‍ റിപ്പോര്‍ട്ട് പരാതിക്കാരന് അനുകൂലമായിരുന്നു. ഇന്‍ഷുറന്‍സ് കമ്പനി പലതരത്തിലുള്ള അന്വേഷണങ്ങള്‍ നടത്തി. കുമ്പളം ട്രോള്‍ ബൂത്തിന്റെ റെസിപ്റ്റടക്കം ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.

എന്നാല്‍ അപകടം ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിക്കാന്‍ ഒന്‍പത് ദിവസവും പൊലീസ് സ്റ്റേഷനില്‍ വിവരം നല്‍കാന്‍ ആറു ദിവസവും എടുത്തുവെന്നും യഥാസമയം അപകട വിവരം അറിയിക്കാതിരിക്കുന്നത് സംശയാസ്പദമാണെന്നും ചൂണ്ടിക്കാണിച്ചാണ് കമ്പനി ക്ലെയിം നിരസിച്ചത്. ഈ നടപടിയാണ് പരാതിക്കാരന്‍ ഉപഭോക്തൃ കോടതിയില്‍ ചോദ്യംചെയ്ത്.

സുരക്ഷിതത്വബോധവും മനസമാധാനവും ആവശ്യഘട്ടങ്ങളില്‍ ലഭിക്കുവാനാണ് ആളുകള്‍ ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നത്. എന്നാല്‍ തികച്ചും സാങ്കേതികമായ കാര്യങ്ങള്‍ പറഞ്ഞ് തുക നിരസിക്കുന്നത് ഉപഭോക്താക്കള്‍ക്ക് നിരാശ ഉണ്ടാക്കുന്നുവെന്ന് ഡി. ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രന്‍ ടി.എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് വ്യക്തമാക്കി. 6,26,889/ രൂപ ഇന്‍ഷുറന്‍സ് തുക ഇനത്തില്‍ കമ്പനി പരാതിക്കാരന് നല്‍കണം. കൂടാതെ, 40,000/ രൂപ നഷ്ടപരിഹാരവും 15,000 രൂപ കോടതി ചെലവ് 45 ദിവസത്തിനകം പരാതിക്കാരന് നല്‍കണമെന്നാണ് കോടതി നിര്‍ദേശം നല്‍കിയത്.

News Malayalam 24x7
newsmalayalam.com