
കോഴിക്കോട് കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറിയുടെ സ്ഥലത്ത് അനധികൃതമായി പാർക്കിംഗ് സംവിധാനം നടപ്പാക്കി ഫീസ് ഇടാക്കുന്നതായി പരാതി. കോടതിയുടെ വിധി വരുന്നത് വരെ നിർമാണ പ്രവർത്തനങ്ങൾ പാടില്ലെന്നിരിക്കെയാണ് ഭൂമാഫിയയുടെ നേതൃത്വത്തിൽ അനധികൃതമായി പാർക്കിംഗ് നടക്കുന്നത്. വിഷയത്തിൽ അടിയന്തിര നടപടി ആവശ്യപ്പെട്ട് കോർപറേഷൻ കൗൺസിലർ മേയർക്ക് പരാതി നൽകി.
2018 ഫെബ്രുവരിയിലാണ് കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറി ഏറ്റെടുക്കൽ ബില്ലിന് രാഷ്‌ട്രപതി അംഗീകാരം നൽകുന്നത്. എന്നാൽ കോംട്രസ്റ്റ് ഭൂമിയിലെ ചില ഭാഗങ്ങൾ വാങ്ങി എന്ന് അവകാശപ്പെട്ട് മൂന്ന് കക്ഷികൾ കോടതിയെ സമീപിച്ചതോടെ ഏറ്റെടുക്കൽ അനിശ്ചിതത്വത്തിലാവുകയായിരുന്നു. കേസിൽ കോടതിയുടെ വിധി വരുന്നത് വരെ നിർമാണങ്ങൾ പാടില്ലെന്നിരിക്കെയാണ് ഭൂമാഫിയയുടെ നേതൃത്വത്തിൽ അനധികൃത പാർക്കിംഗ് ഒരുക്കി ഫീസ് ഈടാക്കുന്നത്.
മുൻപും വിവാദ സ്ഥലം സ്വകാര്യ വ്യക്തികൾ മണ്ണിട്ട് നികത്തി പാർക്കിംഗ് കേന്ദ്രം ആരംഭിച്ചതിനെതിരെ തൊഴിലാളികൾ രംഗത്തെത്തുകയും കോർപ്പറേഷന് പരാതി നൽകുകയും ചെയ്തിരുന്നു. തുടർന്ന് 2023 ഏപ്രിലിൽ കോർപറേഷൻ അധികൃതർ അനധികൃതമായി പ്രവർത്തിക്കുന്ന പാർക്കിംഗ് കേന്ദ്രം പൂട്ടി സീൽ ചെയ്തു. കൂടാതെ 5000 രൂപ പിഴയും ഈടാക്കി. എന്നാൽ ഇതിന് പിന്നാലെ പാർക്കിംഗ് കേന്ദ്രം അനധികൃതമായി വീണ്ടും പ്രവർത്തിച്ചു തുടങ്ങുകയായിരുന്നു.