
രാജ്യത്തെ പുതിയ ക്രിമിനൽ നിയമ പ്രകാരമുള്ള കേരളത്തിലെ ആദ്യ കേസ് മലപ്പുറത്ത് കൊണ്ടോട്ടിയിൽ രജിസ്റ്റർ ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്ത കൊടക് മടിക്കേരി സ്വദേശിയായ മുഹമ്മദ് ഷാഫിക്കെതിരെയാണ് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. കോഴിക്കോട്- പാലക്കാട് റോഡിലൂടെ തിങ്കളാഴ്ച പുലർച്ചെ 12.19 ന് അലക്ഷ്യമായും ഹെൽമറ്റ് ധരിക്കാതെയും വാഹനമോടിച്ചതിനാണ് കേസ്.
അതേ സമയം കൊച്ചിയിലും പുതിയ ക്രിമിനൽ നിയമപ്രകാരമുള്ള ആദ്യ കേസ് രജിസ്റ്റർ ചെയ്തു. പത്തടിപ്പാലം സ്വദേശിക്കെതിരെ ട്രാഫിക് ഈസ്റ്റ് പൊലീസ് ആണ് കേസ് എടുത്തത്. മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ചതിനാണ് ഭാരതീയ ന്യായ സംഹിത 281 പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. പരമാവധി ആറുമാസം വരെ തടവും ആയിരം രൂപ പിഴയുമാണ് ബിഎൻഎസ് 281 വകുപ്പ് പ്രകാരം ചുമത്തുക.
കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ ക്രിമിനൽ നിയമങ്ങൾ ഇന്ന് മുതലാണ് പ്രാബല്യത്തിൽ വന്നത്. ഐപിസിയും സിആർപിസിയും ഇനി മുതൽ ഭാരതീയ ന്യായ സംഹിതയെന്നും ഭാരതീയ നാഗരിക് സുരക്ഷ സംഹിതയെന്നും അറിയപ്പെടും. 1860ലെ ഇന്ത്യൻ ശിക്ഷാനിയമം, ക്രിമിനൽ നടപടിച്ചട്ടം, ഇന്ത്യൻ തെളിവ് നിയമം എന്നിവയ്ക്കു പകരമാണ് പുതിയ നിയമങ്ങൾ നിലവിൽ വരുന്നത്.