
പഹല്‍ഗാമിലെ ആക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നയതന്ത്ര സംഘര്‍ഷം രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ യുദ്ധത്തെ നേരിടാനായി രാജ്യവ്യാപകമായി നടത്തിയ സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ അവസാനിച്ചു. വിവിധ സുരക്ഷാ സേനകളാണ് മോക് ഡ്രില്ലുകള്‍ സംഘടിപ്പിച്ചത്. രാജ്യത്ത് 250ഓളം ജില്ലകളിലായാണ് മോക് ഡ്രില്ലുകള്‍ നടന്നത്. കേരളത്തിലെ പതിനാല് ജില്ലകളിലും മോക് ഡ്രിൽ സംഘടിപ്പിച്ചു.
വൈകുന്നേരം നാല് മണിയോടെയാണ് മോക് ഡ്രിൽ ആരംഭിച്ചത്. 30 സെക്കൻ്റ് വീതമുള്ള സൈറൺ 3 വട്ടം മുഴങ്ങി. തിരുവനന്തപുരത്ത് സൈറൺ മുഴങ്ങിയതിന് പിന്നാലെ സെക്രട്ടറിയേറ്റിനുള്ളിലെയും പരിസരത്തെയും മുഴുവൻ ലൈറ്റുകളും അണച്ചു. തുടർന്ന് പൊലീസ് സജ്ജരായി. ഫയർഫോഴ്സ്, ആംബുലൻസ് എന്നിവയും സെക്രട്ടറിയേറ്റ് പരിസരത്ത് എത്തി. തിരുവനന്തപുരം ലുലു മാളിലും മോക്ക് ഡ്രിൽ സംഘടിപ്പിച്ചു. എറണാകുളം കളക്ട്രറ്റിൽ മോക്ക് ഡ്രിൽ നടത്തി. ലുലു മാളിലും ലൈറ്റുകൾ അണച്ചു.
ഇപ്പോൾ നടക്കുന്നത് മോക്ക് ഡ്രിൽ മാത്രമാണ്. ആളുകൾ പരിഭ്രാന്തരാകേണ്ടതില്ല. അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാൻ ആളുകളെ സജ്ജമാക്കലാണ് മോക് ഡ്രില്ലിൻ്റെ ലക്ഷ്യമെന്നും അധികൃതർ അറിയിച്ചു. ഇന്ത്യന്‍ അതിര്‍ത്തികളില്‍ പാക് പ്രകോപനം ശക്തമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് അടിയന്തരമായി യുദ്ധസാഹചര്യം നേരിടേണ്ടി വന്നാലുള്ള പരിശീലനം എന്ന നിലയില്‍ മോക് ഡ്രില്ലുകള്‍ സംഘടിപ്പിച്ചത്. പൗരര്‍ക്കും സ്‌കൂള്‍ കുട്ടികള്‍ക്കും അടിയന്തര സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പരിശീലിപ്പിക്കുന്നതിനാണ് ഇത്.