പകുതിവില തട്ടിപ്പ് കേസ്; ആനന്ദകുമാറിന് ഇന്ന് നിർണായകം: മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

തിരുവനന്തപുരം അഡീഷ്ണൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്
പകുതിവില തട്ടിപ്പ് കേസ്; ആനന്ദകുമാറിന് ഇന്ന് നിർണായകം: മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും
Published on


പകുതിവില തട്ടിപ്പ് കേസിൽ മുഖ്യപ്രതി സായിഗ്രാം ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം അഡീഷ്ണൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. തട്ടിപ്പിൽ തനിക്ക് പങ്കില്ലെന്നാണ് ആനന്ദകുമാറിൻ്റെ വാദം. ഈ വാദം തള്ളി ക്രൈംബ്രാഞ്ച് ഇന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.

എൻജിഒ കോൺഫെഡറേഷനിൽ നിന്ന് ആനന്ദകുമാർ പണം വാങ്ങിയതിന് തെളിവ് ലഭിച്ചിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കും. ആനന്ദ കുമാ‍ർ ദേശീയ ചെയർമാൻ ആയ എൻജിഒ കോൺഫെഡറേഷന്‍റെ കീഴിലുള്ള സ്ഥാപനങ്ങൾ വഴിയാണ് പകുതിവില തട്ടിപ്പ് നടത്തിയത്. പദ്ധതിയുടെ മുഖ്യ ആസൂത്രകൻ ആനന്ദ കുമാർ ആണെന്നും ക്രൈംബ്രാഞ്ച് ഇന്ന് കോടതിയെ അറിയിക്കും.

പാതിവിലക്ക് ഉത്പന്നങ്ങൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് അനന്തു കൃഷ്ണൻ കോടികൾ തട്ടിയെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. 20163 പേരിൽ നിന്ന് 60000 രൂപ വീതവും, 4035 പേരിൽ നിന്ന് 56000 രൂപ വീതവും കൈപറ്റി എന്നാണ് ഇതുവരെ ഉള്ള കണക്കുകൾ. അനന്തു കൃഷ്ണന്റെ പേരിലുള്ള 21 ബാങ്ക് അക്കൗണ്ടുകളിലേക്ക് 143. 5 കോടി രൂപയും, സോഷ്യൽ ബീ വെഞ്ചേഴ്സ് എന്ന സ്ഥാപനത്തിന്റെ 11 അക്കൗണ്ടുകളിലേക്ക് 2024 ഫെബ്രുവരി മുതൽ ഒക്ടോബർ വരെ 548 കോടി രൂപയുമാണ് എത്തിയത്.

പാതിവില തട്ടിപ്പ് കേസ് പ്രതി അനന്തു കൃഷ്ണന്റെ അക്കൗണ്ടുകളിലേക്ക് 548 കോടി രൂപ എത്തിയതായി ക്രൈം ബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. അനന്തു കൃഷ്ണനെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. പണം വന്ന വഴിയും ഉന്നത ബന്ധവും കണ്ടെത്തണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യത്തിലാണ് പ്രതിയെ കസ്റ്റഡിയിൽ വിട്ടത്. കേസിൽ അന്വേഷണവുമായി സഹകരിക്കും എന്നാണ് അനന്തു കൃഷ്ണനും പ്രതികരിച്ചത്. അനന്തുവിനെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കോടികളുടെ ഉറവിടം കണ്ടെത്താനാകുമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com