
മന്ത്രി ഉദ്ഘാടനം ചെയ്ത തെരുവുവിളക്കിൻ്റെ ഫ്യൂസ് ഊരിമാറ്റി സിപിഐ പഞ്ചായത്തംഗം. മന്ത്രിയുമായുണ്ടായ തർക്കത്തെ തുടർന്നാണ് ഫ്യൂസ് ഊരിമാറ്റിയത്. തിരുവനന്തപുരം പോത്തൻകോട് പഞ്ചായത്തിലെ വാവറ അമ്പലം വാർഡിലെ ചെറുവല്ലിയിലാണ് സംഭവം നടന്നത്. മന്ത്രി ജി.ആർ. അനിലിന്റെ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച് ഉദ്ഘാടനം ചെയ്ത മിനിമാസ്റ്റ് ലൈറ്റിൻ്റെ ഫ്യൂസ് ആണ് സിപിഐ പഞ്ചായത്ത് മെമ്പർ അബിൻ ദാസ് ഊരിക്കൊണ്ടുപോയത്.
മന്ത്രിയുടെ നിർദ്ദേശപ്രകാരം സിപിഐഎം ജില്ലാ പഞ്ചായത്തംഗം വേണുഗോപാലൻ നായർ ആണ് തെരുവിളക്കിന്റെ സ്വിച്ച് ഓൺ കർമം നിർവഹിച്ചത്. സിപിഐ പഞ്ചായത്ത് അംഗം നിലനിൽക്കെ, സിപിഐഎം പഞ്ചായത്ത് അംഗത്തിനെ കൊണ്ട് സ്വിച്ച് ഓൺ നിർവഹിച്ചതാണ് പ്രകോപനത്തിന് കാരണമായത്.
എന്നാൽ, ഇടത് പ്രവർത്തകർ പഞ്ചായത്ത് അംഗത്തിൻ്റെ വീട്ടിലെത്തി ഫ്യൂസ് തിരികെ എടുത്ത് കൊണ്ട് വന്ന് ലൈറ്റ് വീണ്ടും കത്തിച്ചു. പിന്നാലെ, രാത്രി പതിനൊന്നുമണിയോടെ അഭിൻദാസ് സുഹൃത്തുമായി ഇവിടെ എത്തി ഈ ഫ്യൂസ് വീണ്ടും ഊരികൊണ്ടുപോയി. തുടർന്ന്, അബിൻ ദാസിനു എതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജമാഅത്ത് കമ്മിറ്റി പോത്തൻകോട് പോലീസിൽ പരാതി നൽകി.