
ഏഷ്യയിലെ ഏറ്റവും ശക്തമായ കൊടുങ്കാറ്റായ യാഗി എന്ന സൂപ്പർ ചുഴലിക്കാറ്റിൽ വിയറ്റ്നാമിൽ മരിച്ചവരുടെ എണ്ണം 143 ആയി. അപകടങ്ങളിൽ പരുക്കേറ്റവരുടെ എണ്ണം 764 ആയി. ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലുമാണ് മരണസംഖ്യ ഉയരുന്നത്. തലസ്ഥാന നഗരമായ ഹനോയിൽ വൻ നാശനഷ്ടമാണ് ഉണ്ടായത്. ഈ വർഷം ഏഷ്യയിൽ ആഞ്ഞടിച്ച യാഗി വിയറ്റ്നാമിനെ പൂർണമായും തകർത്തു.
ചുഴലിക്കാറ്റിലും, വെള്ളപ്പൊക്കത്തിലും രാജ്യത്തെ 21 ലക്ഷം ഹെക്ടർ പ്രദേശത്തെ കൃഷി നശിച്ചു. ആയിരക്കണക്കിന് പേരെ മാറ്റിപാർപ്പിച്ചു. അപകടങ്ങളിൽ ആകെ 18,000 വീടുകൾ തകർന്നു. തലസ്ഥാനനഗരമായ ഹനോയ് ഉൾപ്പടെയുള്ള വടക്കൻ പ്രവിശ്യകൾ ഇപ്പോഴും വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഇതുവരെ 54 പേരെ കാണാതായെന്നാണ് ദുരന്ത നിവാരണ ഏജൻസി പുറത്തുവിടുന്ന കണക്ക്.
തെക്കൻ ചൈനയിലും ഫിലിപ്പീൻസിലും 24 പേരാണ് ചുഴലിക്കാറ്റിൽ കൊല്ലപ്പെട്ടത്. ശനിയാഴ്ചയാണ് ചുഴലിക്കാറ്റ് വിയറ്റ്നാമിൻ്റെ വടക്കുകിഴക്കൻ തീരത്തേക്ക് പ്രവേശിച്ചത്. മണിക്കൂറിൽ 149 കിലോമീറ്ററിലേറെ വേഗതയിലാണ് കാറ്റ് സഞ്ചരിക്കുന്നത്. ശക്തമായ മഴയെ തുടർന്ന് നദികളിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ആളുകളെ മേഖലയിൽ നിന്ന് മാറ്റിത്താമസിപ്പിച്ചിട്ടുണ്ട്. വടക്കൻ പ്രവിശ്യയിൽ 30 വർഷം പഴക്കമുള്ള പാലം തകർന്നു എട്ട് പേരെ കാണാതായിട്ടുണ്ട്.