രേഖാ ശർമയ്‌ക്കെതിരായ പരാമർശം: മഹുവയുടെ ഹർജിയിൽ പൊലീസിന് നോട്ടീസയച്ച് ഹൈക്കോടതി

കേസിൽ നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനും പൊലീസിനോട് കോടതി ആവശ്യപ്പെട്ടു
എംപി മഹുവ മൊയിത്ര
എംപി മഹുവ മൊയിത്ര
Published on

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയിത്രയ്‌ക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്ന ഹർജിയിൽ ഡൽഹി പൊലീസിന് ഹൈക്കോടതിയുടെ നോട്ടീസ്. കേസിൽ നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനും പൊലീസിനോട് കോടതി ആവശ്യപ്പെട്ടു. തനിക്കെതിരെ വനിതാ കമ്മീഷൻ നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മഹുവ നൽകിയ ഹർജിയിലാണ് ഡൽഹി ഹൈക്കോടതി നോട്ടീസ് നൽകിയത്. ഹർജി നവംബർ ആറിന് ഹർജി ഹൈക്കോടതി വീണ്ടും പരിഗണിക്കും.

ദേശീയ വനിതാ കമ്മീഷൻ മേധാവി രേഖാ ശർമയ്‌ക്കെതിരെ നടത്തിയ അപകീർത്തി പരാമർശത്തിലാണ് വനിതാ കമ്മീഷൻ കേസെടുത്തത്. ഡല്‍ഹി പൊലീസ് പ്രത്യേക സെല്ലിലെ ഐ.എഫ്.എസ്.ഒ യൂണിറ്റാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഉത്തർ പ്രദേശിലെ ഹത്രസിൽ പ്രാർഥനാ യോഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 121 പേര്‍ മരിച്ച സ്ഥലം രേഖ ശർമ സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ വീഡിയോയിലാണ് മഹുവ കമന്റ് ചെയ്തത്.

സാമൂഹിക മാധ്യമമായ എക്സിലൂടെ മഹുവ വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്കെതിരേ മോശം പരാമര്‍ശം നടത്തിയതാണ് കേസിനാധാരം. ജൂലൈ 4ന്, ഉത്തർപ്രദേശിലെ ഹത്രസിൽ തിക്കിലും തിരക്കിലും പെട്ട് 121 പേര്‍ മരിച്ച സ്ഥലം രേഖ ശർമ സന്ദര്‍ശിച്ചിരുന്നു. സ്ഥലം സന്ദർശിക്കവെ രേഖ ശർമയ്ക്ക് ഒരാൾ കുട പിടിച്ചുകൊടുത്ത വീഡിയോയിലാണ് മഹുവ കമന്റ് ചെയ്തത്. അവർ ബോസിൻ്റെ പൈജാമ ഉയർത്തിപ്പിടിക്കുന്ന തിരക്കിലാണ് എന്നാണ് മഹുവ പറഞ്ഞത്.

സംഭവം വിവാദമായതോടെ മഹുവ തൻ്റെ കമന്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. മഹുവയുടെ കമന്റ് അപരിഷ്‌കൃതവും അതിരുകടന്നതും ആണെന്നും, സ്ത്രീകളുടെ അന്തസിനു നേരെയുള്ള ലംഘനമാണെന്നും നിരീക്ഷിച്ച വനിതാ കമ്മീഷൻ, മഹുവയ്‌ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും വിശദമായ റിപ്പോർട്ട് കമ്മീഷന് നൽകണമെന്നും പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com