മുഖ്യമന്ത്രിയുടെ നിലപാടുകളോട് വിയോജിപ്പ്; പിണറായി വിജയനെക്കുറിച്ചുള്ള ഡോക്യുമെന്‍ററി പിന്‍വലിച്ച് സംവിധായകന്‍

അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ദീർഘ നാളായി പാർട്ടി അംഗത്വത്തിൽ നിന്നും മാറി നിൽക്കുകയാണ് സുഭാഷ്
മുഖ്യമന്ത്രിയുടെ നിലപാടുകളോട് വിയോജിപ്പ്; പിണറായി വിജയനെക്കുറിച്ചുള്ള ഡോക്യുമെന്‍ററി പിന്‍വലിച്ച് സംവിധായകന്‍
Published on

മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതം ആസ്പദമാക്കി നിർമിച്ച ഡോക്യുമെൻ്ററി സംവിധായകൻ കെആർ സുഭാഷ് ചന്ദ്രൻ പിൻവലിച്ചു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തയ്യാറാക്കിയ 'യുവതയോട് - അറിയണം പിണറായിയെ' എന്ന പേരിലുള്ള ഡോക്യുമെന്ററിയാണ് പിൻവലിച്ചത്. കമ്മ്യൂണിസ്റ്റ് മൂല്യങ്ങളിൽ നിന്നും വ്യതിചലിച്ച പിണറായിയുടെ പ്രവർത്തന ശൈലിയോടുള്ള വിയോജിപ്പാണ് ഡോക്യുമെന്ററി പിൻവലിക്കാൻ കാരണമെന്ന് സംവിധായകൻ അറിയിച്ചു.

പാർലമെന്ററി രാഷ്ട്രീയത്തിലേക്കുള്ള പിണറായി വിജയന്റെ മടങ്ങി വരവിന്റെ ഭാഗമായാണ് കെആർ സുഭാഷ് 2016ൽ ഡോക്യുമെന്ററി നിർമിച്ചത്. എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ബാനറിൽ പുറത്തിറക്കിയ ഡോക്യുമന്ററി തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾക്കായും ഉപയോഗിച്ചിരുന്നു. എന്നാൽ, എട്ട് വർഷത്തിന് ശേഷം ഡോക്യുമെന്ററി പിൻവലിക്കുന്നതായി സംവിധായകൻ വ്യക്തമാക്കി. മുഖ്യമന്ത്രിയോടും അദ്ദേഹത്തിൻ്റെ നിലപാടുകളോടുമുള്ള വിയോജിപ്പിനെ തുടർന്നാണ് പിൻവലിക്കുന്നതെന്ന് സുഭാഷ് പറയുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നിലുള്ള കാരണങ്ങളിൽ ഒന്ന് പിണറായി വിജയന്റെ പ്രവർത്തനങ്ങളും സമീപനങ്ങളും കൂടിയാണ്. അത്തരം നിലപാടുകളോടുള്ള പ്രതിഷേധത്തിനൊപ്പം പാർട്ടിയുടെ മൂല്യശോഷണം കൂടി ഇത്തരമൊരു തീരുമാനം എടുക്കുന്നതിന് കാരണമായതായി സുഭാഷ് പറയുന്നു.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് 85 ലക്ഷം രൂപ ചിലവിട്ട് പുറത്തിറക്കിയ ഡോക്യുമെന്‍ററിക്ക് പിന്നിൽ പ്രവർത്തിച്ചവരിൽ മന്ത്രി പി രാജീവും ഉണ്ടായിരുന്നു. എറണാകുളത്ത് വെച്ച് നടന്ന ചടങ്ങിൽ എംകെ സാനു മാസ്റ്ററായിരുന്നു 'യുവതയോട് - അറിയണം പിണറായിയെ' പ്രകാശനം നിർവഹിച്ചത്. മുൻ എസ്എഫ്ഐ നേതാവും സിപിഎം പ്രവർത്തകനുമായിരുന്ന കെആർ സുഭാഷ് മുൻപ് നിരവധി പരസ്യ ചിത്രങ്ങളും ഡോക്യുമെന്ററികളും നിർമിച്ചിട്ടുണ്ട്. അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ദീർഘ നാളായി പാർട്ടി അംഗത്വത്തിൽ നിന്നും മാറി നിൽക്കുകയാണ് സുഭാഷ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com