
1980ല്‍ സ്കാർഡേലിലെ ഒരു എണ്ണ കമ്പനിയിലെ റിട്ടയേർഡ് എക്സിക്യൂട്ടീവ് ആയിരുന്ന ചാള്‍സ് റോമർ ഭാര്യ കാതറിനുമായി ഫ്ലോറിഡയിലെ അവധിക്കാല വസതിയിലേക്ക് ഒരു യാത്രപോയി. ഇരുവരും ആദ്യ പങ്കാളിയുടെ മരണ ശേഷം ഒന്നിച്ചവർ. 70കളുടെ മധ്യത്തിലെത്തിയ ആ ദമ്പതികള്‍ വിനോദയാത്രയുടെ ആനന്ദത്തിലായിരുന്നു. യാത്രാമധ്യേ അവർ ഇപ്പോള്‍ റോയല്‍ ഇന്‍ എന്ന് അറിയപ്പെടുന്ന ജോർജിയയിലെ ഹോളിഡേ ഇന്നില്‍ വണ്ടി നിർത്തി. ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്ത്, മുറിയില്‍ സാധനങ്ങള്‍ വെച്ച ശേഷം വെളിയിലേക്ക് പോയ റോമർ ദമ്പതികളെ പിന്നീട് ആരും കണ്ടിട്ടില്ല. ഒരു ഹിച്ച്കോക്ക് സിനിമ പോലെ തൊന്നുന്നു അല്ലേ. ആ തോന്നല്‍ അങ്ങനെ തന്നെ ഇരിക്കട്ടെ. അതിനു ശക്തി പകരുന്ന സംഭവം ഇനിയും വർഷങ്ങള്‍ കഴിഞ്ഞാണ് സംഭവിക്കാനിരിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ 44 വർഷം.
2024 നവംബറില്‍ റോമർ ദമ്പതികള്‍ സഞ്ചരിച്ചിരുന്ന അതേ 1979 മോഡല്‍ ലിങ്കണ്‍ കോണ്ടിനന്‍റല്‍ കാർ, റോയല്‍ ഇന്നിന് സമീപത്തെ പാഴടിഞ്ഞ ഒരു കുളത്തില്‍ നിന്നും കണ്ടെത്തി. കാറിനുള്ളില്‍ രണ്ട് അസ്ഥികൂടങ്ങളും കണ്ടെത്തി. എല്ലിന്‍കൂടങ്ങള്‍ക്കൊപ്പം ഒരു റോളക്സ് വാച്ചും ഡയമണ്ട് മോതിരവും ഉൾപ്പെടെയുള്ള ആഭരണങ്ങളും പൊലീസിന് ലഭിച്ചു.
കാറില്‍ നിന്നും ലഭിച്ചത് റോമർ ദമ്പതികളുടെ അവശേഷിപ്പുകള്‍ തന്നെയാണെന്ന് സാധൂകരിക്കുന്ന ചില തെളിവുകളും വിശദമായ അന്വേഷണത്തില്‍ ലഭിച്ചിട്ടുണ്ട്. ജോർജിയ പൊലീസിന്‍റെ പരിശോധനയില്‍ കുളത്തില്‍ നിന്നും ലഭിച്ച കാറിന്‍റെ നമ്പർ പ്ലേറ്റില്‍ റോമർ ദമ്പതികളുടെ പേരിന്‍റെ ചുരുക്കെഴുത്തുണ്ട്. ഇതുകൊണ്ട് മാത്രം കണ്ടെത്തിയത് റോമർ ദമ്പതികളുടെ മൃതദേഹങ്ങളാണെന്ന് ഉറപ്പിക്കാന്‍ സാധിക്കില്ല. അതിന് ഇനിയും ശാസ്ത്രീയമായ പരിശോധനകള്‍ ആവശ്യമാണ്. അസ്ഥികൂടത്തിന്‍റെ വിശദമായ ഫോറന്‍സിക്ക് വിശകലനം നടത്തണം. കാറിന്‍റെ വിഐഎന്‍ നമ്പർ വെച്ച് അത് രജിസ്റ്റർ ചെയ്തിരിക്കുന്നത് ചാള്‍സ് റോമറുടെ പേരിലാണോ എന്ന് സ്ഥിരീകരിക്കണം. ഇക്കാര്യങ്ങളിലൊക്കെ ഒരു അന്തിമ ഫലം വന്നാല്‍ മാത്രമേ 'റോമർ ദമ്പതികള്‍ക്ക് എന്തു സംഭവിച്ചു?' എന്ന വർഷങ്ങള്‍ നീണ്ട ചോദ്യത്തിന് ഉത്തരം ലഭിക്കുകയുള്ളൂ.
കുളത്തില്‍ നിന്നും കണ്ടെത്തിയ ആഭരണങ്ങള്‍ കാതറിന്‍റെ ആണെന്ന് അവരുടെ ഒന്‍പത് കൊച്ചുമക്കളില്‍ ഒരാളായ സീമാന്‍ ഹെല്ലർ സ്ഥിരീകരിച്ചിട്ടുണ്ട്. ഒടുവില്‍ കേസ് ഒരു തീർപ്പിലേക്ക് എത്തുന്നു എന്ന പ്രതീക്ഷയും സീമാന്‍ മാധ്യമങ്ങളോട് പങ്കുവെച്ചു. ആരോ റോമർ ദമ്പതികളെ പിന്തുടർന്ന് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് തുടക്കം മുതലുള്ള കുടുംബത്തിന്‍റെ വാദം. എന്നാല്‍, വണ്ടിയില്‍ നിന്നും ലഭിച്ച വിലകൂടിയ ആഭരണങ്ങള്‍ ഈ നിഗമനത്തെ തള്ളിക്കളയുന്നു. മാത്രമല്ല, അക്കാലത്ത് റിപ്പോർട്ട് ചെയ്ത ഒരു അസോസിയേറ്റഡ് പ്രസ് ലേഖനം അനുസരിച്ച് ഇരുവരും ഏകദേശം ഒരു മില്യൺ ഡോളർ വീതം സമ്പത്ത് അവശേഷിപ്പിച്ചാണ് കാണാതായത്. ഇതും പലതരം സംശങ്ങള്‍ക്ക് കാരണമാകുന്നു.
ആദ്യം പറഞ്ഞ പോലെ ഹിച്ച്കോക്കിന്‍റെ 'സൈക്കോ' എന്ന സിനിമയുടെ കഥാപരിസരവുമായി ഈ കേസിന് സമാനതകള്‍ ഏറെയാണ്. മുഖ്യകഥാപാത്രമായ നോർമന്‍ ബേറ്റ്സിന്‍റെ ബേറ്റ്സ് ഹോട്ടലില്‍ വന്നവരാരും തിരിച്ചുപോയിട്ടില്ല. നായിക മരിയൻ ക്രെയിനിനും അതേ ദുർവിധി തന്നെയാണ് ചിത്രത്തില്‍. ഒടുവില്‍ മരിയനെ തിരഞ്ഞിറങ്ങുന്നവർക്ക് അവരുടെ കാർ കിട്ടുന്നത് ഒരു കുളത്തില്‍ നിന്നും. ഹോളിഡേ ഇന്നില്‍ ഒരു സൈക്കോ ഒളിഞ്ഞിരുന്നോ എന്നതിനു തെളിവുകളില്ല. പക്ഷേ തീർച്ചയായും ഒരു കാര്യം ഉറപ്പാണ്. ആരും വായുവില്‍ അപ്രത്യക്ഷരാകുന്നില്ല. അതിനു പിന്നില്‍ ഒരു കാരണമുണ്ടാകും. കാരണക്കാരുണ്ടാകും. കേസില്‍ പുതിയ വഴിത്തിരിവുകള്‍ ഉണ്ടാകുമ്പോള്‍ അവിടെയും മറ്റൊരു ഹിച്ച്കോക്കിയന്‍ പസില്‍ കാത്തിരിക്കുന്നുണ്ടോ എന്ന് അറിയില്ല!