
അമേരിക്കയിൽ സമര പ്രഖ്യാപനവുമായി ദ ന്യൂയോർക്ക് ടൈംസിലെ സാങ്കേതിക വിഭാഗത്തിലെ അറുനൂറോളം ജീവനക്കാർ. ശമ്പള വർധന, കരാർ പുതുക്കൽ തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് സമരത്തിൽ വ്യക്തത വരുത്തി സാങ്കേതിക ജീവനക്കാർ രംഗത്തെത്തിയത്. പണിമുടക്കിന് ടെക് ഗിൽഡ് സംഘടന വോട്ടെടുപ്പിലൂടെ അനുമതി നൽകിയിട്ടുണ്ട്.
യു.എസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിന് ആഴ്ചകൾ ശേഷിക്കെയാണ് സമര പ്രഖ്യാപനവുമായി ജീവനക്കാർ എത്തുന്നത്. പണിമുടക്കിന് 95 ശതമാനം ജീവനക്കാരുടെയും പിന്തുണ ലഭിച്ചെന്ന് ലേബർ യൂണിയനായ കമ്മ്യൂണിക്കേഷൻസ് വർക്കേഴ്സ് ഓഫ് അമേരിക്ക വ്യക്തമാക്കി.
ന്യൂയോർക്ക് ടൈംസിലെ സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർ, പ്രൊഡക്റ്റ് മാനേജർമാർ, ഡാറ്റാ അനലിസ്റ്റുകൾ, ഡിസൈനർമാർ എന്നിവരുൾപ്പെടുന്നതാണ് ടൈംസ് ടെക് ഗിൽഡ്. ന്യൂയോർക്ക് ടൈംസിലെ രണ്ട് യൂണിറ്റുകൾ ഉൾപ്പെടെ ഏകദേശം 6,000 മാധ്യമ പ്രവർത്തകരെ പ്രതിനിധീകരിക്കുന്ന ന്യൂസ് ഗിൽഡ് ഓഫ് ന്യൂയോർക്കിൻ്റെ ഭാഗമാണ് ടൈംസ് ടെക് ഗിൽഡ്.
ജീവിത ചെലവ് വർധിച്ചിട്ടും വേതന വർധന ഉണ്ടായില്ലെന്ന് ജീവനക്കാർ ചൂണ്ടിക്കാണിക്കുന്നു. അമേരിക്കയിലെ മാത്രമല്ല ലോകത്തെ തന്നെ ഏറ്റവും സ്വാധീനമുള്ള മാധ്യമമായാണ് ന്യൂയോർക് ടൈംസ് അറിയപ്പെടുന്നത്. ഇത്തരത്തിലുള്ള ഒരു സ്ഥാപനത്തിൽ പണിമുടക്ക് പ്രതിസന്ധി ഉണ്ടാക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.