
മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് നേരെയുള്ള വധശ്രമത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി ബിജെപി. രാഹുൽ പ്രധാനമന്ത്രിക്ക് നേരെയുള്ള അക്രമം പ്രോത്സാഹിപ്പിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. ട്രംപിന് നേരെയുള്ള അക്രമത്തിൽ അപലപിച്ച് രാഹുൽ പങ്കുവെച്ച പോസ്റ്റിന് പിന്നാലെയായിരുന്നു ബിജെപിയുടെ വിമർശനമുയർന്നത്. ഇത് ആത്മാർത്ഥയില്ലാതെ വാക്കുകളാണെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ പറഞ്ഞു.
തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം പ്രധാനമന്ത്രി മോദിക്കെതിരായ ആക്രമണത്തെ രാഹുൽ ഗാന്ധി പലപ്പോഴും പ്രോത്സാഹിപ്പിക്കുകയും ന്യായീകരിക്കുകയും ചെയ്തിട്ടുണ്ട്. പ്രധാന മന്ത്രിയുടെ വാഹനം മേൽപ്പാലത്തിൽ കുടുങ്ങിയപ്പോൾ കോൺഗ്രസിൻ്റെ കീഴിലുള്ള പഞ്ചാബ് പൊലീസ് ബോധപൂർവം അദ്ദേഹത്തിൻ്റെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്തത് രാജ്യത്തിന് മറക്കാൻ കഴിയില്ലെന്നും അമിത് മാളവ്യ പറഞ്ഞു.
ട്രംപ് വിമർശകർ അദ്ദേഹത്തെ സ്വേച്ഛാധിപതിയെന്ന് പലപ്പോഴും വിശേഷിപ്പിക്കാറുണ്ട്. സമാനരീതിയിൽ മോദിയെ രാഹുൽ വിളിച്ചിരുന്നെന്നും മാളവ്യ ചൂണ്ടികാട്ടി. ട്രംപിൻ്റെ എതിരാളികൾ അദ്ദേഹത്തെ പൈശാചികവൽക്കരിച്ച് വിദ്വേഷത്തിൻ്റെ അന്തരീക്ഷം സൃഷ്ടിച്ചുവെന്നും മാളവ്യ ആരോപിച്ചു.
ട്രംപ് ഭരണത്തിലെത്തിയാൽ ജനാധിപത്യം അപകടത്തിലാകുമെന്ന വാദമാണ് നേതാവിൻ്റെ വിമർശകർ ഉന്നയിക്കുന്നത്. ‘ഇന്ത്യൻ ഭരണഘടന അപകടത്തിലാണ്’ മോദിക്കെതിരായ പ്രതിപക്ഷത്തിൻ്റെ വാദവും സമാനമാണെന്ന് മാളവ്യ പറഞ്ഞു. എന്നാൽ ആഗോള ഇടതുപക്ഷത്തിൻ്റെ ആക്രമണത്തെ ഇന്ത്യൻ ജനാധിപത്യം അതിജീവിച്ചുവെന്നും മോദി മൂന്നാം തവണയും തിരിച്ചെത്തിയെന്നും മാളവ്യ വ്യക്തമാക്കി.
സമൂഹത്തിൽ വിള്ളൽ വീഴ്ത്താൻ അമേരിക്കയിലെ വംശം എങ്ങനെ ഉപയോഗിച്ചോ സമാനരീതിയിൽ ജാതി ഇന്ത്യയിൽ ആയുധമാക്കപ്പെട്ടു. എതിരാളികളെ പൈശാചികവൽക്കരിക്കുകയും ഏകാധിപതി എന്ന് വിളിക്കുകയും ചെയ്യുന്നതും യാദൃശ്ചികമല്ല. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ശക്തരായ ലോക നേതാക്കളെ വിവരിക്കാൻ അപകടകരമായ ആശയങ്ങളുള്ള ആളുകളാണ് ആദ്യമായി ഈ പദം ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ലോകമെമ്പാടുമുള്ള വലതുപക്ഷ നേതാക്കൾ ഇപ്പോൾ തീവ്ര ഇടതുപക്ഷത്തിൻ്റെ സജീവ ലക്ഷ്യമാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. എന്നാൽ രാജ്യത്തിന് പ്രഥമസ്ഥാനം നൽകുന്ന പ്രത്യയശാസ്ത്രത്തെ പരാജയപ്പെടുത്താൻ കഴിയില്ലെന്നും ഹിമന്ത ശർമ്മ പറഞ്ഞു.
റാലിയില്‍ ട്രംപ് സംസാരിക്കുന്നതിനിടയില്‍ അദ്ദേഹത്തിന്റെ വലതു ചെവിയുടെ ഭാഗത്ത് വെടിയേല്‍ക്കുന്നതും രക്തം വരുന്നതുമായുള്ള വീഡിയോകള്‍ പുറത്തു വന്നിട്ടുണ്ട്. വെടിവെപ്പുണ്ടായ ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ട്രംപിന് രക്ഷാകവചമൊരുക്കി അദ്ദേഹത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പെന്‍സില്‍വാനിയയില്‍ ശനിയാഴ്ച്ച നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നേരെ വെടിവെപ്പുണ്ടായത്. അക്രമിയുടെ വിവരങ്ങൾ എഫ്ബിഐ പുറത്ത് വിട്ടിട്ടുണ്ട്.