"തടസങ്ങളില്ലാത്ത സംവാദങ്ങളുടെ കാലം അവസാനിച്ചിരിക്കുന്നു"; പാകിസ്ഥാന്‍ നയത്തില്‍ മാറ്റത്തിന്‍റെ സൂചനകള്‍ നല്‍കി എസ്. ജയശങ്കര്‍

അതിർത്തിയിലെ പോസിറ്റീവും നെഗറ്റീവുമായ സംഭവവികാസങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായാണ് ഇന്ത്യ നില്‍ക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി
"തടസങ്ങളില്ലാത്ത സംവാദങ്ങളുടെ കാലം അവസാനിച്ചിരിക്കുന്നു"; പാകിസ്ഥാന്‍ നയത്തില്‍ മാറ്റത്തിന്‍റെ സൂചനകള്‍ നല്‍കി എസ്. ജയശങ്കര്‍
Published on

ഇന്ത്യയുടെ പാകിസ്ഥാന്‍ നയത്തില്‍ മാറ്റത്തിന്‍റെ സൂചനകള്‍ നല്‍കി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. തടസങ്ങളില്ലാത്ത സംവാദങ്ങളുടെ കാലം അവസാനിച്ചിരിക്കുന്നുവെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. അതിർത്തിയിലെ പോസിറ്റീവും നെഗറ്റീവുമായ സംഭവവികാസങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായാണ് ഇന്ത്യ നില്‍ക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച ഡല്‍ഹിയില്‍ നടന്ന ഒരു സ്വകാര്യ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജയശങ്കർ.

പാകിസ്ഥാനും തീവ്രവാദത്തെ പിന്തുണയ്ക്കുന്നവർക്കും മുന്നറിയിപ്പ് നല്‍കുന്നുവെന്ന വിധത്തിലായിരുന്നു ജയ്‌ശങ്കറിന്‍റെ പ്രസ്താവനകള്‍. പ്രവൃത്തികള്‍ക്ക് അനന്തരഫലമുണ്ടെന്നായിരുന്നു ജയ്‌ശങ്കറിന്‍റെ മുന്നറിയിപ്പ്. ഏതുതരത്തിലുള്ള ബന്ധമാണ് പാകിസ്ഥാനുമായി സാധ്യമാകുകയെന്നതാണ് പ്രശ്നം എന്നായിരുന്നു നയതന്ത്ര ബന്ധത്തെപ്പറ്റിയുള്ള ചോദ്യത്തിനുള്ള മന്ത്രിയുടെ മറുപടി.

ജമ്മു കശ്മീരിൽ അതിർത്തി തർക്കങ്ങൾ പതിവായതിനാൽ പാകിസ്ഥാനുമായുള്ള ഇന്ത്യയുടെ ബന്ധം അസ്ഥിരമായി തുടരുകയാണ്. അതിർത്തി കടന്നുള്ള തീവ്രവാദത്തിന് പാകിസ്ഥാന്‍ സാമ്പത്തികമായും വിഭവങ്ങള്‍ നല്‍കിയും പിന്തുണ നല്‍കുന്നുവെന്ന് അന്താരാഷ്ട്ര വേദികളിലും ഉഭയകക്ഷി ചർച്ചകളിലും ഇന്ത്യ നിരന്തരം ആരോപിക്കുന്നുണ്ട്. മാർച്ചില്‍ നടന്ന സിംഗപ്പൂർ സന്ദർശനത്തില്‍ പാകിസ്ഥാന്‍ തീവ്രവാദ പ്രവർത്തനങ്ങളെ സ്പോണ്‍സർ ചെയ്യുന്നുവെന്ന് ജയ്‌ശങ്കർ ആരോപിച്ചിരുന്നു.


കശ്മീർ നിയമസഭ തെരഞ്ഞെടുപ്പിന് 20 ദിവസങ്ങളില്‍ താഴെ മാത്രമുള്ളപ്പോഴാണ് ജയ്‌ശങ്കറിന്‍റെ 'പാകിസ്ഥാന്‍ പ്രസ്താവന' എന്നത് ശ്രദ്ധേയമാണ്. ഒരു ദശാബ്ദത്തിനു ശേഷമാണ് കശ്മീരില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. സെപ്റ്റംബർ 18നാണ് തെരഞ്ഞെടുപ്പ്. വോട്ടിങ്ങിനു മുന്‍പ് നാഷണല്‍ കോണ്‍ഫറന്‍സും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാർട്ടിയും പാകിസ്ഥാന്‍ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കണമെന്ന പ്രചരണം സജീവമാക്കിയിട്ടുണ്ട്. പാകിസ്ഥാനുമായി വ്യാപാര - സാമൂഹിക ബന്ധം പുനഃസ്ഥാപിക്കുമെന്ന് പിഡിപി പ്രചരണ പത്രിക ഉറപ്പുനല്‍കുന്നുണ്ട്. ഒമർ അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള നാഷണല്‍ കോണ്‍ഫറന്‍സ് പാർട്ടിയും പാകിസ്ഥാനുമായുള്ള ചർച്ചകള്‍ തുടരണമെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍, എന്‍സിപി, പിഡിപി നിലപാടുകളെ വിമർശിച്ച് ബിജെപി രംഗത്ത് വന്നിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com