
വിഴിഞ്ഞം തുറമുഖം ട്രയൽ റണ്ണിന് യുഡിഎഫിനെ ക്ഷണിച്ചില്ലെന്നത് വാസ്തവ വിരുദ്ധമായ ആരോപണമാണെന്ന് തുറമുഖ വകുപ്പ് മന്ത്രി വി.എൻ വാസവൻ. യുഡിഎഫ് എംഎൽഎ എം വിൻസെന്റ് ഇന്ന് വിഴിഞ്ഞെത്തിയിരുന്നു. ശശി തരൂർ എം പിയെയും ക്ഷണിച്ചിരുന്നു. ആഹ്ളാദ പ്രകടനങ്ങൾ നടത്തുന്നത് യുഡിഎഫിന്റെ സ്വാതന്ത്ര്യമാണെന്നും മന്ത്രി പറഞ്ഞു.
സർക്കാർ ആരെയും ഒഴിവാക്കിയിട്ടില്ല. നാളെ നടക്കുന്നത് ഒരു ട്രയൽ റൺ മാത്രം, കമ്മീഷൻ ചെയ്യുന്ന സമയത്ത് ഔദ്യോഗിക ഉദ്ഘാടനം ഉണ്ടാകും. ആ സമയത്ത് എല്ലാവരെയും ക്ഷണിക്കും. ട്രയൽ റൺ സമയത്ത് ആ പ്രദേശത്ത് ജനപ്രതിനിധികളെ മാത്രമാണ് ക്ഷണിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
യുഡിഎഫിന്റെ അവകാശവാദം വൈക്കം മുഹമ്മദ് ബഷീറിന്റെ എട്ടുകാലി മമ്മൂഞ്ഞ് എന്ന കഥാപാത്രത്തെ പോലെയാണെന്നും മന്ത്രി പരിഹസിച്ചു. ഭരണപക്ഷത്തിരിക്കുമ്പോഴും പ്രതിപക്ഷത്തിരിക്കുമ്പോഴും ഇടതുപക്ഷ ജനാധിപത്യ മുന്നണി പോർട്ട് വരണമെന്ന് നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഉമ്മൻചാണ്ടി സർക്കാർ അദാനിയുമായി ഉണ്ടാക്കിയ കരാർ സംസ്ഥാന താൽപര്യത്തിന് വിരുദ്ധമായതുകൊണ്ടാണ് എതിർത്തത്. പിണറായി സർക്കാരിന്റെ ഇച്ഛാശക്തി കൊണ്ടാണ് തുറമുഖം യാഥാർത്ഥ്യമായതെന്നും മറ്റ് അവകാശവാദങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.