
എം.ടി യാത്രയാകുമ്പോള്‍ മലയാള സാഹിത്യവും സിനിമയും സാംസ്കാരികലോകവും മുമ്പൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത അനാഥത്വമാണ് അനുഭവിക്കുന്നത്. എം.ടിയുമായി ആത്മസൗഹൃദം പങ്കുവച്ച സഹപ്രവർത്തകരും സുഹൃത്തുക്കളും ഹൃദയത്തിന്‍റെ ഭാഷയിലാണ് മലയാള കഥയുടെ പെരുന്തച്ചനെ സ്മരിച്ചത്.
എം.ടി തനിക്ക് ജ്യേഷ്ഠ സഹോദരൻ ആയിരുന്നുവെന്നാണ് സംവിധായകന്‍ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞത്. കൈവെച്ച മേഖലകളിലെല്ലാം മറ്റുള്ളവരെ അതിശയിപ്പിച്ച, വിശേഷണങ്ങൾക്കതീതനായ മഹാപ്രതിഭ ആയിരുന്നു എം.ടി. വിശേഷണങ്ങൾക്കതീതനായ മഹാപ്രതിഭ. ആധുനിക മനസുള്ള എഴുത്തുകാരൻ ആയിരുന്നു എം.ടിയെന്നും അദ്ദേഹത്തിന്‍റെ വിയോഗം ഭാഷയ്ക്കും വ്യക്തിപരമായും വലിയ നഷ്ടമാണെന്നും അടൂർ ഗോപാലകൃഷ്ണന്‍ കൂട്ടിച്ചേർത്തു.
എം.ടി അനുജനെയും ഗുരുനാഥനെയും പോലെയെന്ന് ഡോ. എം ലീലാവതി പറഞ്ഞു. എം.ടിക്ക് മാത്രമാണ് തൊട്ടതെല്ലാം പൊന്നാക്കാനുള്ള വരം ലഭിച്ചത്. തനിക്ക് അത്രമേൽ പ്രോത്സാഹനം നൽകിയ വ്യക്തിയാണ് എം.ടിയെന്നും ലീലാവതി ടീച്ചർ അനുസ്മരിച്ചു.
വളർന്നു തുടങ്ങുന്ന കാലം തൊട്ട് വായിച്ച എം.ടി ഓർമയാണ് സംവിധായകന്‍ ജയരാജ് പങ്കുവച്ചത്. വള്ളുവനാട് നിന്ന് വിവാഹം കഴിക്കാനുള്ള കാരണം പോലും എം.ടിയുടെ സാഹിത്യമാണ്. ആവശ്യമുള്ളത് മാത്രം പറയുകയും എഴുതുകയും ചെയ്തു. അനാവശ്യമായി ഒരു വാക്ക് പോലും അദ്ദേഹം പറഞ്ഞില്ലെന്നും ജയരാജ് ഓർത്തെടുത്തു.
ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ സൃഷ്ടിച്ച വ്യക്തിയാണ് എം.ടിയെന്നായിരുന്നു നടനും സംവിധായകനുമായ മധുപാലിന്‍റെ നിരീക്ഷണം. നിർമാല്യം പോലെ ഒരു സിനിമ ഇനി ഉണ്ടാക്കാൻ സാധിക്കില്ല. സിനിമയിൽ എന്ത് ചെയ്യണം, എന്ത് പറയണം എന്ന് കൃത്യമായി എം.ടിക്ക് അറിയാം. വിഷ്വൽ ഉപയോഗിച്ച് കൊണ്ടാണ് അദ്ദേഹം തിരക്കഥ ഒരുക്കുന്നത്. ചിലപ്പോൾ ഒരു നോട്ടം കൊണ്ട് കഥ പറയുമെന്നും മധുപാല്‍ ചൂണ്ടിക്കാട്ടി. മഞ്ഞ് എന്ന നോവലിൽ ഏറ്റവും കൂടുതൽ പറയുന്ന വാചകം, വരും വരാതിരിക്കില്ല, എന്നതാണ്. എന്നാൽ സിനിമയിൽ ഒരിടത്ത് പോലും അത് ഉപയോഗിച്ചിട്ടില്ല. എം.ടി പരത്തി പറഞ്ഞിട്ടുള്ളത് ചുരുക്കം ചില സിനിമകളിൽ മാത്രമെന്നും മധുപാല്‍ പറഞ്ഞു.
എം.ടി സ്നേഹാദരവുകൾ പിടിച്ചുപറ്റിയ വ്യക്തിയാണെന്ന് സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എൻ. കരുണ്‍ പറഞ്ഞു. പഠന കാലത്താണ് എം.ടിയുമായി അടുത്ത ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞത്. കഥയിലെ കഥാപാത്രത്തെയും പരിസരത്തെയും എം.ടി സമീപിക്കുന്ന രീതി നേരിട്ടറിയാൻ കഴിഞ്ഞിട്ടുണ്ട്. നഖക്ഷതങ്ങളിലും ,പഞ്ചാഗ്നിയിലും ഭാഗഭാക്കാകാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കാണുന്നുവെന്നും ഷാജി എന്‍. കരുണ്‍ കൂട്ടിച്ചേർത്തു.
വാക്കുകള്‍ അമൂല്യ നിധികള്‍ എന്നവണ്ണം ഉപയോഗിക്കുന്ന എം.ടി ഓർമ തന്നെയാണ് സംവിധായകൻ സത്യൻ അന്തിക്കാടും പങ്കുവെച്ചത്. മലയാളി ഉള്ളിടത്തോളം കാലം എം.ടി കാലാതീതനായി നിൽക്കും. ഒരു വാക്ക് പോലും എം.ടി അനാവശ്യമായി പറയാറില്ല. എം.ടി വലിയ പ്രചോദനമാണെന്നും തന്‍റെ ഗുരുനാഥനാണെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. ഒരു വാക്കുപോലും എം.ടി വേണ്ടാത്തത് പറയില്ല. നമ്മൾ പറയണമെന്ന് കരുതുന്ന കാര്യം എം.ടി നേരത്തെ പറയുന്നുവെന്നും സത്യന്‍ അന്തിക്കാട് കൂട്ടിച്ചേർത്തു.
എം.ടിയുമായുള്ള ആറ് പതിറ്റാണ്ട് കാലത്തെ ബന്ധം എഴുത്തുകാരന്‍ എ. സേതുമാധവനും ഓർത്തെടുത്തു. എന്‍റെ പല നോവലുകളും പുറത്തെത്തിയത് എം.ടിയുടെ കരങ്ങളിലൂടെയാണ്. നല്ലതെന്തെന്ന് തിരിച്ചറിയാനുള്ള കഴിവ് എം.ടിക്കുണ്ടായിരുന്നുവെന്നും സേതു അനുസ്മരിച്ചു.