മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ ബജറ്റ് ജൂലൈ 23ന്

അടുത്ത അഞ്ച് വർഷത്തെ സർക്കാർ അജണ്ടയെന്താണെന്ന് വ്യക്തമാക്കുന്നതായിരിക്കും ബജറ്റെന്നാണ് വിലയിരുത്തപ്പെടുന്നത്.
മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ ബജറ്റ് ജൂലൈ 23ന്
Published on

മൂന്നാം മോദി സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ബജറ്റാണ് ജൂലൈ 23ന് അവതരിപ്പിക്കാനിരിക്കുന്നത്. 2027നകം ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌ വ്യവസ്ഥയാക്കി ഇന്ത്യയെ മാറ്റുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം നിലനില്‍ക്കെ, അടുത്ത അഞ്ച് വർഷത്തെ സർക്കാർ അജണ്ടയെന്താണെന്ന് വ്യക്തമാക്കുന്നതായിരിക്കും ബജറ്റെന്നാണ് വിലയിരുത്തപ്പെടുന്നത്.

ജിഡിപി വളരണമെങ്കില്‍ ഉപഭോഗത്തെ ഉത്തേജിപ്പിക്കണം. സാധാരണക്കാരുടെയും ഇടത്തരക്കാരുടെയും കെെയ്യില്‍ മിച്ചം പണമുണ്ടെന്ന് ഉറപ്പിക്കുകയും, അതിലൂടെ വിപണിയിലേക്കുള്ള പണമൊഴുക്കിനെ പ്രോത്സാഹിപ്പിക്കുകയും വേണം. പണപ്പെരുപ്പം തലവേദനയായിരിക്കെ, വിപണിയെ വീണ്ടെടുക്കേണ്ടതും വെല്ലുവിളിയായി ഒരുവശത്തുണ്ട്. വമ്പന്‍ ഇളവുകളൊന്നും പ്രഖ്യാപിക്കപ്പെടില്ലെങ്കിലും, ആദായ നികുതിയില്‍, പ്രത്യേകിച്ച് വ്യക്തിഗത നികുതിയില്‍ ഇളവുകളുണ്ടാകും എന്ന പ്രതീക്ഷയുടെയും അടിസ്ഥാനമതാണ്. ഒപ്പം സർക്കാരിന് മുന്നിലുള്ള ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തില്‍ കോര്‍പ്പറേറ്റ്, വ്യക്തിഗത ആദായ നികുതി ഉൾപ്പെടുന്ന പ്രത്യക്ഷ നികുതി വരുമാനം പ്രതീക്ഷിച്ചതിനേക്കാള്‍ കൂടിയത് കൂടി പരിഗണിച്ചാല്‍, നികുതിയിളവിന് സാധ്യത കൂടുതലാണ്.

മൂന്നാം മോദി സർക്കാർ അധികാരത്തിലേറുമ്പോള്‍, മോദി നടത്തിയ വാഗ്ദാനങ്ങളിലൊന്നായിരുന്നു രാജ്യത്തെ ശമ്പളക്കാരായ ഇടത്തരക്കാരുടെ സമ്പാദ്യവും ജീവിത നിലവാരവും ഉയർത്തുമെന്നത്. ഈ വാഗ്ദാനം പൂർത്തിയാക്കിയെന്ന പ്രഖ്യാപനത്തോടെയാകും സർക്കാർ നികുതിയിളവ് പ്രഖ്യാപിക്കുക. പ്രതിവർഷം 15 ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവരുടെ ആദായ നികുതി നിലവില്‍ 30 ശതമാനമാണ്. ഇതില്‍ ഇളവുണ്ടാകുമെന്ന റിപ്പോർട്ടാണ് പ്രധാനം.

നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിഷ്കരണങ്ങളും പ്രതീക്ഷിക്കാം. ബാങ്കുകളിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി സേവിംഗ്സ് അക്കൗണ്ടുകളിൽ നിന്ന് ലഭിക്കുന്ന പലിശയില്‍ നികുതി ഈടാക്കാന്‍ 25,000 രൂപ പരിധിയായി ഉയർത്താനുള്ള നിർദ്ദേശം പരിഗണനയിലുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ഒപ്പം, ഓഹരി വിപണിയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കാന്‍ മ്യൂച്വൽ ഫണ്ട് ഉള്‍പ്പെടെയുള്ള ഹ്രസ്വകാല മൂലധന നേട്ടത്തിൻ്റെ, നികുതി രഹിത പരിധി 1.5 ലക്ഷത്തിൽ നിന്ന് രണ്ട് ലക്ഷം രൂപയായി വർധിപ്പിച്ചേക്കും. വ്യക്തിഗത സാമ്പത്തിക കൈമാറ്റങ്ങളിൽ കൂടുതൽ ഇളവ് അനുവദിക്കുന്നതിന്‍റെ ഭാഗമായി, നികുതി രഹിത സമ്മാനങ്ങളുടെ നിലവിലെ പരിധി 50,000 രൂപയിൽ നിന്ന് ഒരു ലക്ഷമായി ഉയർത്താനും സർക്കാർ പദ്ധതിയിടുന്നു.

2020-21 കാലത്താണ് വ്യക്തിഗത ആദായനികുതി ഘടനയില്‍ അവസാനമായി പരിഷ്കരങ്ങള്‍ കൊണ്ടുവന്നത്. വ്യക്തിഗത, കോർപ്പറേറ്റ് നികുതികൾ തമ്മിലുള്ള അസമത്വം പരിഹരിക്കുന്ന പരിഷ്കരണങ്ങള്‍ പുതിയ ബജറ്റില്‍ പ്രഖ്യാപിക്കപ്പെടുന്നതോടെ, ഇപ്പോഴും പുതിയ നികുതി ഘടനയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന 45 മുതല്‍ 50 ശതമാനം വരെയുള്ള നികുതി ദായകരെ ആകർഷിക്കാമെന്നാണ് കണക്കുകൂട്ടല്‍. ഇതുവഴി, ഉപഭോക്തൃ ചെലവുകളും നിക്ഷേപവും വർധിപ്പിച്ച് സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കാനാണ് ബജറ്റ് ലക്ഷ്യമിടുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com