കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സിലെ മരണം: ആദ്യമരണം അമ്മയുടേത്, ശേഷം മനീഷും സഹോദരിയും ജീവനൊടുക്കിയെന്ന് പൊലീസ്

ഇന്നലെ രാത്രിയോടെയായിരുന്നു ജാർഖണ്ഡ് സ്വദേശിയും കസ്റ്റംസ് അഡിഷണൽ കമ്മീഷണറുമായ മനീഷ് വിജയ്‌യേയും കുടുംബത്തെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്
കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സിലെ മരണം: ആദ്യമരണം അമ്മയുടേത്, ശേഷം മനീഷും സഹോദരിയും ജീവനൊടുക്കിയെന്ന് പൊലീസ്
Published on

എറണാകുളം കാക്കനാട് കസ്റ്റംസ് അഡീഷണൽ കമ്മീഷണറുടെ ക്വാർട്ടേഴ്‌സിൽ ഒരു കുടുംബത്തിലെ മൂന്നുപേർ ജീവനൊടുക്കിയ സംഭവത്തിൽ നിർണായക വിവരം പുറത്തുവിട്ട് പൊലീസ്. അമ്മയാണ് ആദ്യം മരിച്ചതെന്നും, അതിന് ശേഷമാണ് മനീഷും സഹോദരി ശാലിനിയും ജീവനൊടുക്കിയതെന്നും പൊലീസ് പറഞ്ഞു. ഇന്നലെ രാത്രിയോടെയായിരുന്നു ജാർഖണ്ഡ് സ്വദേശിയും കസ്റ്റംസ് അഡീഷണൽ കമ്മീഷണറുമായ മനീഷ് വിജയ്‌യേയും കുടുംബത്തെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

ജാര്‍ഖണ്ഡ് ഡെപ്യൂട്ടി കളക്ടര്‍ ആയിരുന്ന ശാലിനി, അമ്മ, എന്നിവരുടെ മൃതദേഹവും ക്വാര്‍ട്ടേഴ്‌സിൽ നിന്ന് കണ്ടെത്തിയിരുന്നു. മനീഷും സഹോദരിയും തൂങ്ങി മരിച്ച നിലയിലായിരുന്നു.  എന്നാല്‍ അമ്മ ശകുന്തളയുടെ മൃതദേഹം കട്ടിലില്‍ കിടക്കുന്ന നിലയില്‍ ആയിരുന്നു. അമ്മയുടെ മൃതദേഹം വെള്ളത്തുണികൊണ്ട് പുതച്ച് അതിന്മേല്‍ പൂക്കള്‍ വിതറിയ നിലയിലായിരുന്നു. സമീപത്ത് ഒരു കുടുംബ ഫോട്ടോയും ഹിന്ദിയിലുള്ള കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. അമ്മ ശകുന്തള അഗർവാളിൻ്റെ മരണം എങ്ങനെ എന്ന് പോസ്റ്റ്മോർട്ടത്തിലൂടെ മാത്രമേ മനസിലാക്കാൻ പറ്റുള്ളൂവെന്ന് പൊലീസ് അറിയിച്ചു.

രേഖകൾ കത്തിച്ച് കളഞ്ഞ ശേഷം ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. അടുക്കളയിൽ രേഖകൾ കത്തിച്ചു കളഞ്ഞതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ശാലിനിയുടെ ജോലിയുമായി ബന്ധപ്പെട്ട രേഖകൾ ആകാമെന്നാണ് പൊലീസിൻ്റെ നിഗമനം. 2006 ൽ ശാലിനിക്ക് ജാർഖണ്ഡ് സ്റ്റേറ്റ് സർവീസിൽ ജോലി ലഭിച്ചിരുന്നു. എന്നാൽ പരീക്ഷ നടത്തിപ്പിലെ ക്രമക്കേടിനെ തുടർന്ന് സർക്കാർ ജോലി ലഭിച്ചവരെ പിരിച്ചുവിട്ടു. ഈ കേസിൻ്റെ അന്വേഷണം സിബിഐ ആണ് നടത്തിയിരുന്നത്. ഒന്നാം റാങ്ക് ലഭിച്ചിട്ടും ജോലി നഷ്ടമായതിൽ സഹോദരി വല്ലാത്ത മാനസിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. ക്വാട്ടേഴ്‌സിൽ നിന്ന് ഡയറിക്കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.



മൂന്ന് ദിവസത്തെ ലീവിന് ജാര്‍ഖണ്ഡിലേക്ക് പോവുകയാണെന്ന് പറഞ്ഞ മനീഷ് ആറ് ദിവസം കഴിഞ്ഞിട്ടും ജോലിയില്‍ തിരികെ പ്രവേശിക്കാത്തതിനെ തുടര്‍ന്നാണ് സഹപ്രവര്‍ത്തകര്‍ അന്വേഷിച്ചിറങ്ങിയത്. മനീഷ് ജാര്‍ഖണ്ഡില്‍ എത്തിയില്ലെന്ന് അന്വേഷണത്തില്‍ മനസിലായതോടെ ക്വാര്‍ട്ടേഴ്‌സിലേക്ക് എത്തിയപ്പോഴാണ് കുടുംബത്തെ മുഴുവൻ മരിച്ച നിലയിൽ കണ്ടെത്തിയത്. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)



Related Stories

No stories found.
News Malayalam 24x7
newsmalayalam.com