
ജമ്മു കശ്മീർ നിയമസഭ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട പ്രചരണത്തിന്റെ കൊട്ടിക്കലാശം അവസാനിച്ചു. കനത്ത പ്രചരണമാണ് എല്ലാ പാർട്ടികളും നടത്തിയത്. തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ അവസാന ദിനം കൊഴുപ്പിക്കാൻ പ്രധാനനേതാക്കളെല്ലാം തന്നെ കശ്മീരിലുണ്ട്. പത്ത് വർഷത്തിന് ശേഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് വലിയ രാഷ്ട്രീയ പ്രാധാന്യമാണ് നിരീക്ഷകർ കാണുന്നത്.
മൂന്ന് ഘട്ടങ്ങളിലായുള്ള ജമ്മു കശ്മീർ നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം സെപ്റ്റബർ 18 നാണ് നടക്കുക. ഏഴ് ജില്ലകളിലായി 24 മണ്ഡലങ്ങളിലേക്കാണ് ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി ജമ്മുവിലും കശ്മീരിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ALSO READ: ഇന്ത്യ സഖ്യത്തിന്റെ സഹായത്തോടെ കോൺഗ്രസ് ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കും; രാഹുൽ ഗാന്ധി
ആകെ 90 സീറ്റുകളുള്ള ജമ്മു കശ്മീരിൽ സെപ്തംബർ 18, 25, ഒക്ടോബർ 1 തീയതികളിലായി മൂന്ന് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി, നാഷണൽ കോൺഫറൻസ്, പിഡിപി, കോൺഗ്രസ് അടക്കം എല്ലാ പാർട്ടികളും വാശിയേറിയ പോരാട്ടത്തിലാണ്.
ബിജ്ബെഹറയിൽ മത്സരിക്കുന്ന മെഹബൂബ മുഫ്തിയുടെ മകൾ ഇൽത്തിജ മുഫ്തി, കുൽഗ്രാമിൽ നിന്ന് മത്സരിക്കുന്ന സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസുഫ് തരിഗാമി, ദൂരുവിൽ നിന്ന് മത്സരിക്കുന്ന കോൺഗ്രസ് മുൻ കശ്മീർ പ്രസിഡന്റ് ഗുലാം അഹമ്മദ് മിർ എന്നിവയാണ് ആദ്യഘട്ടത്തിലെ പ്രമുഖ സ്ഥാനാർഥികൾ.