വയനാട് പുനരധിവാസം: ആദ്യഘട്ട പട്ടിക ജനുവരി 15ന് പ്രസിദ്ധീകരിക്കും; ദുരന്തബാധിതരുടെ ആശങ്ക മാറ്റുമെന്ന് മന്ത്രി കെ. രാജൻ

ഫെബ്രുവരി 10 ന് ഉള്ളിൽ പുതിയ രണ്ടാം ഘട്ട ലിസ്റ്റ് നൽകുമെന്നും മന്ത്രി കെ. രാജൻ പറഞ്ഞു
വയനാട് പുനരധിവാസം: ആദ്യഘട്ട പട്ടിക ജനുവരി 15ന് പ്രസിദ്ധീകരിക്കും; ദുരന്തബാധിതരുടെ ആശങ്ക മാറ്റുമെന്ന് മന്ത്രി കെ. രാജൻ
Published on


വയനാട് പുനരധിവാസം വേഗത്തിലാക്കാൻ സർക്കാർ നടപടിക്രമങ്ങൾ എല്ലാം പൂർത്തിയാക്കി വരികയാണെന്ന് റവന്യൂ മന്ത്രി കെ. രാജൻ. പുനരധിവാസത്തിനുള്ള ആദ്യഘട്ട പട്ടിക ജനുവരി 15ന് പ്രസിദ്ധീകരിക്കും. തുടർന്ന് ജനുവരി 28 നുള്ളിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അവതരിപ്പിക്കും. ആക്ഷേപങ്ങൾ കേട്ട ശേഷം ഫെബ്രുവരി 10 ന് ഉള്ളിൽ പുതിയ രണ്ടാം ഘട്ട ലിസ്റ്റ് നൽകുമെന്നും മന്ത്രി കെ. രാജൻ പറഞ്ഞു. 10 സെന്റ്, 5 സെന്റ് വിവേചനം സംബന്ധിച്ച് പരാതിയില്‍ ദുരന്തബാധിതരുടെ ആശങ്ക മാറ്റുമെന്നും മന്ത്രി ഉറപ്പുനൽകി.

ആഗസ്റ്റിൽ തന്നെ 25 എസ്റ്റേറ്റുകളുടെ പ്രാഥമിക ലിസ്റ്റ് ഉണ്ടാക്കിയിരുന്നു. അതിൽ 9 ഇടങ്ങളെ സുരക്ഷിതമെന്ന് കണ്ടെത്തി. പുനരധിവാസത്തിന് സെപ്റ്റംബർ 2ന് എസ്റ്റേറ്റുകൾ നിശ്ചയിച്ചു. എന്നാൽ ഒക്ടോബറിൽ സ്ഥലമേറ്റടുക്കലിന് നിയമ തടസം നേരിട്ടു. ഒക്ടോബർ 27 ന് അനുകൂലമായി കോടതി വിധി വന്നു. കഴിഞ്ഞ ദിവസം സ്പോൺസർമാരുടെ യോഗം വിളിച്ചിരുന്നു. ഇനി പുനരധിവാസ പ്രവർത്തനങ്ങളിലേക്ക് പോകുകയാണെന്നും മന്ത്രി വ്യക്തമാക്കി.

എല്‍സ്റ്റണ്‍, നെടുമ്പാല എസ്റ്റേറ്റുകളില്‍ ‌നാല് തരത്തിലുള്ള സർവേകൾ 20 ദിവസത്തിനകം പൂർത്തിയാക്കും. പുനരധിവാസത്തിന് ഐഎഎസ് റാങ്കിലുള്ള സ്‌പെഷ്യല്‍ ഓഫീസറെയും നാളെത്തന്നെ നിയമിക്കും. ഭൂമി ഏറ്റെടുക്കൽ നഷ്ട്പരിഹാരം സർവേ പൂർത്തിയാകുന്ന മുറയ്ക്ക് നടപടിയാകുമെന്നും മന്ത്രി പറഞ്ഞു.

സ്പോൺസർമാർക്ക് സുതാര്യമായ ബാങ്ക് അക്കൗണ്ട് നൽകും. ഈ പണം ഈ ആവശ്യത്തിന് തന്നെ ഉപയോഗിക്കാൻ കഴിക്കും. സ്ഥലങ്ങളുടെ ഗ്രൗണ്ട് സർവേ പൂർത്തികരിച്ചാൽ ഫെബ്രുവരി മാസത്തിൽ തന്നെ ടൈം ലൈൻ പ്രഖ്യാപിക്കാൻ കഴിയുമെന്നും കെ. രാജൻ പറഞ്ഞു. ദുരന്തബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ പ്രധാനമന്ത്രി ഇടപെടണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ഇതുവരെയുള്ള മരണസംഖ്യ 263 ആണ്. ഇതില്‍ 96 പേരെ തിരിച്ചറിഞ്ഞത് ഡിഎന്‍എ പരിശോധനയിലൂടെയാണ്. തിരുവനന്തപുരത്തെ ലാബിൽ നൂറ് ശരീരഭാഗങ്ങളാണ് ഉള്ളത്. ഇതിൽ നാല് പേരുടെ മൃതദേഹം ഇന്ന് തിരിച്ചറിഞ്ഞു. കാണാതായവരുടെ മരണ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. കാണാതായ 35 പേരുടെ ലിസ്റ്റ് റവന്യൂ, പൊലീസ്, തദ്ദേശ സ്വയംഭരണ വകുപ്പുകൾ പരിശോധിച്ച് സാക്ഷ്യപ്പെടുത്തും. മരണാനന്തര സഹായം ലഭിക്കാനുള്ള നിയമതടസം നീക്കാൻ
ഉത്തരവ് ഇറക്കുമെന്നും മന്ത്രി കെ. രാജൻ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com