

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ആദ്യഘട്ട കമ്മീഷനിങ് മെയ് രണ്ടിന് നടക്കും. തുറമുഖം പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിക്കും. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം സംസ്ഥാന സർക്കാരിനെ അറിയിച്ചത്. ചടങ്ങിനായുള്ള തയ്യാറെടുപ്പ് ആരംഭിച്ചെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര അർലേക്കർ, കേന്ദ്ര ഷിപ്പിംഗ്- തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ, സംസ്ഥാന തുറമുഖ മന്ത്രി വി.എൻ. വാസവൻ, മന്ത്രി പി രാജീവ്, ഡോ. ശശി തരൂർ എംപി, വ്യവസായി ഗൗതം അദാനി തുടങ്ങിയ പ്രമുഖർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കും
ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞില്ലെങ്കിൽ കൂടിയും ഇക്കഴിഞ്ഞ ജൂലൈ മുതൽ മദർഷിപ്പുകളടക്കം നിരവധി ചരക്കുകപ്പലുകൾ വിഴിഞ്ഞം തുറമുഖത്ത് എത്തി തുടങ്ങിയിരുന്നു. ഒരുമാസം അന്‍പതിലധികം കപ്പലുകള്‍ എത്തിച്ചേരുക എന്ന നേട്ടവും തുറമുഖം സ്വന്തമാക്കിയിട്ടുണ്ട്.
ചരക്കുനീക്കത്തിൽ രാജ്യത്തെ തെക്കുകിഴക്കൻ മേഖലയിലെ 15 തുറമുഖങ്ങളിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഒന്നാം സ്ഥാനത്താണ്. ട്രയൽ റൺ തുടങ്ങി എട്ടു മാസവും കൊമേഴ്സ്യൽ ഓപ്പറേഷൻ തുടങ്ങി മൂന്നു മാസവും മാത്രം പിന്നിട്ടപ്പോഴാണ് വിഴിഞ്ഞം ഈ നേട്ടം കൈവരിച്ചത്. ഈ വർഷം ഫെബ്രുവരി മാസത്തിൽ 40 കപ്പലുകളിൽ നിന്നായി 78833 ടിഇയു ചരക്കാണ് വിഴിഞ്ഞം അന്താരാഷ്ട്ര കണ്ടെയ്നർ ടെർമിനൽ കൈകാര്യം ചെയ്തത്.