
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനം വൈകുന്നതിൽ പ്രതിഷേധം ശക്തമാവുന്നു. ഇന്നലെ രാത്രി 11 മണിക്ക് ദുബായിലേക്ക് പുറപ്പെടേണ്ട സ്‌പൈസ് ജെറ്റ് വിമാനമാണ് വൈകുന്നത്. 24 മണിക്കൂർ കഴിഞ്ഞും വിമാനമെത്താഞ്ഞതോടെ 150ലേറെ യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി. എഞ്ചിൻ തകരാറാണ് വിമാനം വൈകാൻ കാരണമെന്ന് സ്പൈസ് ജെറ്റ് അധികൃതർ പറഞ്ഞു.
സാങ്കേതിക തകരാറിന് പിന്നാലെ യാത്രക്കാർക്ക് ബദൽ സംവിധാനം ഒരുക്കുമെന്നുൾപ്പെടുയുള്ള വാഗ്ദാനങ്ങൾ ലഭിച്ചിരുന്നെങ്കിലും നടപ്പിലായിരുന്നില്ല. രാത്രി പതിനൊന്നരയോടെ വിമാനം പുറപ്പെടുമെന്നായിരുന്നു യാത്രക്കാർക്ക് അവസാനമായി ലഭിച്ച വിവരം. എന്നാൽ യാത്ര എപ്പോൾ ആരംഭിക്കുമെന്നതിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. പ്രായമായവരും കുട്ടികളുമുൾപ്പെടെ 150 യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയിരിക്കുന്നത്.
അതേസമയം 4 യാത്രക്കാരെ മറ്റൊരു വിമാനത്തിൽ കയറ്റിയയച്ചതായി സൂചനയുണ്ട്. വിമാനം റദ്ദാക്കിയതായി അറിയിപ്പുണ്ടായില്ലെന്നും വിമാനത്തെകുറിച്ചുള്ള ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്നും യാത്രക്കാർ പറയുന്നു.