
ചോറ്റാനിക്കരയിൽ 19 വയസുകാരി ക്രൂരപീഡനത്തിന് ഇരയായ കേസിൽ അറസ്റ്റിലായ ആൺസുഹൃത്തിൻ്റെ കൂടുതൽ വെളിപ്പെടുത്തൽ ന്യൂസ് മലയാളത്തിന് ലഭിച്ചു. പെൺകുട്ടിക്ക് ലഹരിക്ക് അടിമയാക്കിയിരുന്നുവെന്നാണ് പ്രതി അനൂപ് അന്വേഷണ സംഘത്തിന് മൊഴി നൽകിയിരിക്കുന്നത്.
പെൺകുട്ടിയെ ശനിയാഴ്ച രാത്രി പലതവണ ക്രൂരമായി മർദിച്ചിരുന്നുവെന്നും, ഈ ക്രൂരമർദനം സഹിക്കവയ്യാതെ പെൺകുട്ടി ഷാൾ ഉപയോഗിച്ച് തൂങ്ങി മരിക്കാൻ ശ്രമിക്കുകയായിരുന്നു എന്നുമാണ് അനൂപിൻ്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ഇതോടെ ഷാൾ അറുത്ത് പെൺകുട്ടിയെ നിലത്തിട്ടു.
പെൺകുട്ടി ഒച്ചവയ്ക്കാൻ ശ്രമിച്ചതോടേ വായയും മൂക്കും പൊത്തി ശ്വാസം മുട്ടിച്ചു. ഇതോടെ പെൺകുട്ടിയുടെ ബോധം നഷ്ടമായി. മരിച്ചെന്ന് കരുതി പുലർച്ചയോടെ കൂട്ടുകാർക്കൊപ്പം ബൈക്കിൽ കടന്നുകളഞ്ഞു. പെൺകുട്ടിയിൽ നിന്ന് പണവും സ്വർണവും വാങ്ങിയിട്ടുണ്ടെന്നും പ്രതി വെളിപ്പെടുത്തി.
അനൂപിനെ ശനിയാഴ്ച രാത്രിയോടെ വീട്ടിൽ എത്തിച്ചതും ഞായറാഴ്ച രാവിലെ കൊണ്ടുപോയതും രണ്ട് സുഹൃത്തുക്കളാണ്. ഇവരുടെ രഹസ്യ മൊഴി ഇന്ന് രേഖപ്പെടുത്തും.