
ഡൽഹിയിൽ പൊലീസ് 5600 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയതിന് പിന്നാലെ, കോൺഗ്രസിനെ കടന്നാക്രമിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. കോൺഗ്രസിൻ്റെ ലക്ഷ്യം യുവാക്കളെ മയക്കുമരുന്ന് ഉപഭോക്താക്കളാക്കി മാറ്റുകയാണെന്ന് അമിത് ഷാ ആരോപിച്ചു. മയക്കുമരുന്നിൻ്റെ ഇരുണ്ട ലോകത്തേക്ക് യുവാക്കളെ എത്തിക്കുന്നത് കോൺഗ്രസ് ആണെന്നും അമിത് ഷാ ആരോപണമുയർത്തി. കോൺഗ്രസിൻ്റെ രാഷ്ട്രീയ സ്വാധീനം വെച്ചുള്ള ഇത്തരം പ്രവർത്തികളെ നിറവേറ്റാൻ മോദി സർക്കാർ സമ്മതിക്കില്ല. കോൺഗ്രസ് ഭരണകാലത്ത് പഞ്ചാബ്, ഹരിയാന തുടങ്ങിയ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ യുവാക്കളുടെ ഗതി എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ, മോദി സർക്കാറിൻ്റെ ലക്ഷ്യം യുവാക്കളെ കായികം, വിദ്യാഭ്യാസം, രാഷ്ട്രനവീകരണം തുടങ്ങിയ മേഖലകളിൽ പര്യാപ്തരാക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.
ഡൽഹിയിൽ കഴിഞ്ഞ ദിവസമാണ് 5600 കോടി രൂപയുടെ മയക്കുമരുന്ന് വേട്ടയുണ്ടായത്. കേസിൽ ഇതുവരെ അഞ്ച് പേരെ ഡൽഹി പൊലീസ് പിടികൂടി. അന്വേഷണത്തിൽ 40 വയസുകാരനായ തുഷാർ ഗോയൽ ആണ് കേസിലെ പ്രധാന സൂത്രധാരനെന്ന് കണ്ടെത്തിയിരുന്നു. ഇയാള്‍ കോൺഗ്രസ് പ്രവർത്തകനാണെന്നും, കോൺഗ്രസ് പ്രവർത്തകരോടൊപ്പം നിൽക്കുന്ന ഫോട്ടോകളും കണ്ടെടുത്തതായും അന്വേഷണത്തില്‍ തെളിഞ്ഞു. കേസിലെ മുഖ്യപ്രതിയായ തുഷാർ ഗോയൽ 2021ൽ ഡൽഹി കോൺഗ്രസിന്റെ വിവരവകാശ സെൽ ചെയർമാൻ ആയിരുന്നെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തുഷാർ തന്നെയാണ് തനിക്ക് കോൺഗ്രസ് ബന്ധമുണ്ടെന്നത് വെളിപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
എന്നാൽ, ഒക്ടോബർ 17, 2022ന് ഇയാളെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളെ തുടർന്ന് പുറത്താക്കിയതായി ഇന്ത്യൻ യൂത്ത് കോൺഗ്രസ് വിശദീകരിച്ചു.
ALSO READ: ഡൽഹിയിൽ വൻ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 2000 കോടി രൂപയുടെ കൊക്കെയ്‌ൻ