
സിനിമാ മേഖലയിൽ വലിയ വിവാദങ്ങൾ സൃഷ്‌ടിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം സർക്കാർ എസ്ഐടിക്ക് കൈമാറി. ക്രൈം ബ്രാഞ്ച് മേധാവി എച്ച്. വെങ്കടേഷിനാണ് റിപ്പോർട്ട് കൈമാറിയത്. ക്രൈം ബ്രാഞ്ച് മേധാവിയാണ് സിനിമാ മേഖലയിലെ കേസുകൾ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ തലവൻ. റിപ്പോർട്ടിലെ തുടർനടപടിക്ക് അന്വേഷണ സംഘം ഇന്ന് യോഗം ചേരുമെന്നാണ് ലഭ്യമാകുന്ന വിവരം. പ്രത്യേക അന്വേഷണ സംഘം യോഗം പൊലീസ് ആസ്ഥാനത്താണ് ചേരാൻ തീരുമാനിച്ചിട്ടുള്ളത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ പൂര്‍ണരൂപം പ്രത്യേക അന്വേഷണ സംഘത്തിന് (SIT) കൈമാറണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. അതിനുശേഷം മാത്രമേ മുദ്രവെച്ച കവര്‍ തങ്ങള്‍ തുറക്കുകയുള്ളൂ എന്നും ഹൈക്കോടതി പറഞ്ഞു. വിഷയത്തില്‍ സർക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് കോടതി ചോദിച്ചു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് റിപ്പോര്‍ട്ട് കിട്ടിയതാണ്. അതില്‍ ഒരു ചെറുവിരലെങ്കിലും അനക്കിയോ എന്നും കോടതി ചോദിച്ചു.
സര്‍ക്കാര്‍ എന്ത് ചെയ്തുവെന്ന കോടതിയുടെ ചോദ്യത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നാണ് അഡ്വക്കേറ്റ് ജനറല്‍ മറുപടി നല്‍കിയത്. അതിന് പിന്നാലെ എന്തുകൊണ്ടാണ് ഈ നിഷ്‌ക്രിയത്വമെന്നും കോടതി ചോദിച്ചു. റിപ്പോര്‍ട്ട് നേരത്തെ ലഭിച്ചിട്ടും എന്തുകൊണ്ടാണ് സര്‍ക്കാര്‍ മൗനം പാലിച്ചതെന്നും കോടതി ചോദിച്ചു. എന്നാല്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കരുതെന്ന നിര്‍ദേശമുണ്ടായതിനാലാണ് നടപടിയെടുക്കാത്തതെന്നാണ് എ.ജിയുടെ വിശദീകരണം.