

ഡോക്‌ടേഴ്‌സ് ദിനത്തിൽ രാജ്യത്തെ ഡോക്ടർമാർക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആരോഗ്യ സംരക്ഷണ നായകന്മാരുടെ അസാമാന്യമായ അർപ്പണബോധത്തെയും അനുകമ്പയേയും ബഹുമാനിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിൽ കുറിച്ചു. ഇന്ത്യയിലെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും, ഡോക്ടർമാർക്ക് അർഹമായ ബഹുമാനം ഉറപ്പാക്കാനും തൻ്റെ സർക്കാർ പൂർണമായി പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഡോക്ടർ ബിദാൻ ചന്ദ്ര റോയിയുടെ ഓർമ്മയ്ക്കായാണ് ജൂലൈ ഒന്ന് ദേശീയ ഡോക്ടർ ദിനമായി ആചരിക്കുന്നത്. അദ്ദേഹത്തിൻ്റെ ജന്മദിനവും ചരമവാർഷികവും ഒരു ദിവസമാണ്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായും ബിദാൻ ചന്ദ്ര റോയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അതേസമയം ചാർട്ടേഡ് അക്കൗണ്ടൻ്റ്സ് ഡേ കൂടിയായ ഇന്ന് രാജ്യത്തിന്റെ സാമ്പത്തിക ഭൂപ്രകൃതി രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന ചാർട്ടേഡ് അക്കൗണ്ടൻ്റുമാർക്കും പ്രധാനമന്ത്രി ആശംസകൾ അറിയിച്ചു. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും സുസ്ഥിരതയ്ക്കും ഗണ്യമായ സംഭാവനകൾ നൽകുന്ന സിഎകൾ നമ്മുടെ സാമ്പത്തിക ക്ഷേമത്തിന് അവിഭാജ്യ ഘടകമാണെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.