
വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ ടൂറിസം വകുപ്പിന്റെ അതിഥി മന്ദിരത്തിന്റെ നിർമാണം പതിനാല് വർഷമായിട്ടും പൂർത്തീകരിച്ചിട്ടില്ല. 2010ൽ നിർമ്മാണമാരംഭിച്ച ഈ പഞ്ചനക്ഷത്ര വിശ്രമമന്ദിരത്തിൻ്റെ നിർമ്മാണം ആരംഭിച്ചിട്ട് ഒന്നര പതിറ്റാണ്ടായി.
2019 ൽ ഉദ്ഘാടനം ചെയ്യാൻ ആകുമെന്ന് കരുതിയ ഈ പദ്ധതിക്ക് 16 കോടി രൂപ ചെലവിട്ടു കഴിഞ്ഞു. വർഷങ്ങൾ കഴിഞ്ഞതോടെ ആദ്യം നിർമ്മിച്ച പലഭാഗങ്ങൾക്കും കേടുപാടുകൾ പറ്റി ഉപയോഗ ശ്യൂന്യമായി. അത് പരിഹരിച്ച് ഈ കെട്ടിടം ഉപയോഗ യോഗ്യമാക്കി ഉദ്ഘാടനം ചെയ്യണമെങ്കിൽ ഇനിയും കോടികൾ ചെലവഴിക്കണം.
നിര്‍മാണം പൂര്‍ത്തിയായാല്‍ സംസ്ഥാനത്തെതന്നെ ഏറ്റവുംവലിയ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസുകളിലൊന്നാകും ബത്തേരിയിലേത്. നാല് വി.ഐ.പി. റൂമുകളും 48
എക്‌സിക്യുട്ടീവ് റൂമുകളുമുള്‍പ്പെടെ 52 മുറികളാണുള്ളത്. കൂടാതെ കോണ്‍ഫറന്‍സ് ഹാള്‍, റസ്റ്ററന്റ് എന്നിവയുമുണ്ട്. 2010-ല്‍ കോടിയേരി ബാലകൃഷ്ണൻ ടൂറിസം മന്ത്രിയായിരിക്കുമ്പോഴാണ് ഇതിൻ്റെ നിർമ്മാണമാരംഭിച്ചത്.