
ദുരന്ത ഭൂമിയായ വയനാടിന് പലവിധത്തിൽ സഹായങ്ങളെത്തിക്കുന്നവർ മനുഷ്യനെന്ന വാക്കിന് പുതിയ അർഥം സൃഷ്ടിക്കുന്നുവെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.ജെ. ജേക്കബ്. അറിഞ്ഞ ചരിത്രത്തിലോ വായിച്ച പുസ്തകങ്ങളിലോ എന്തിന്, കഥകളിൽ പോലുമോ ഇങ്ങിനെയുള്ള മനുഷ്യരുണ്ടായിട്ടില്ലെന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ദയവിന്റെ മഹാസാഗരങ്ങളായ മനുഷ്യരെ കണ്ടിട്ടുണ്ട്, കേട്ടിട്ടുണ്ട്, വായിച്ചറിഞ്ഞിട്ടുണ്ട്. എല്ലാ മനുഷ്യരുടേയുമെന്ന പോലെ എൻ്റെയും ഓർമയിൽ അവരുണ്ട്. എങ്കിലും ഇമ്മാതിരിയുള്ള മനുഷ്യരെ ഞാൻ ജീവിതത്തിൽ എവിടെയും കണ്ടിട്ടില്ലെന്നും അദ്ദേഹം പ്രശംസിച്ചു.
കെ.ജെ. ജേക്കബിൻ്റെ ഫേസ്ബുക്കിൻ്റെ പൂർണരൂപം വായിക്കാം
ദയവിന്റെ മഹാസാഗരങ്ങളായ മനുഷ്യരെ കണ്ടിട്ടുണ്ട്, കേട്ടിട്ടുണ്ട്, വായിച്ചറിഞ്ഞിട്ടുണ്ട്; എല്ലാ മനുഷ്യരുടേയുമെന്ന പോലെ എന്റെയും ഓർമയുടെ സഞ്ചിതനിധിയിൽ അവരുണ്ട്. എങ്കിലും ഇമ്മാതിരിയുള്ള മനുഷ്യരെ ഞാൻ ഇക്കാലം മുഴുവൻ ജീവിച്ച ജീവിതത്തിൽ എവിടെവെച്ചെങ്കിലും കണ്ടിട്ടില്ല. ഇക്കാലം മുഴുവൻ എഴുതിയതോ എഡിറ്റു ചെയ്ത ആയ ആയിരക്കണക്കിന് റിപ്പോർട്ടുകളിലും അവരെ കണ്ടിട്ടില്ല. അറിഞ്ഞ ചരിതത്തിലോ വായിച്ച പുസ്തകങ്ങളിലോ എന്തിന്, കഥകളിൽ പോലുമോ ഇങ്ങിനെയുള്ള മനുഷ്യരുണ്ടായിട്ടില്ല. നിങ്ങളാരെങ്കിലും കണ്ടിട്ടുണ്ടോ അവരെ? എവിടെയോ മലവെള്ളപ്പാച്ചിലിൽ ഒറ്റപ്പെട്ടുപോയ കുഞ്ഞുങ്ങളെയോർത്തു ഉള്ളുപൊള്ളി മുലചുരത്തുന്ന അമ്മമാരെ?
അമ്മ പോയി അലറിക്കരയുന്ന ഉണ്ണിക്കിടാങ്ങൾക്കു നല്കാൻ ഏതോ നാട്ടിൽനിന്നു നെഞ്ചിൽ പാലാഴിയുമായിപ്പോകുന്ന മനുഷ്യരെ? നമ്മുടെ നാട് ഇതുവരെ സൃഷ്ടിച്ചെടുത്ത നന്മകളെല്ലാം പിഴിഞ്ഞൂറ്റിയാൽ അവരാകും. അവർ 'മനുഷ്യൻ' എന്ന സുന്ദരപദത്തിനു പുതിയ അർത്ഥങ്ങൾ സൃഷ്ടിക്കുന്നു; കടലോളം ആഴവും ആകാശത്തോളം ഉയരവും നൽകുന്നു. മെച്ചപ്പെട്ട മനുഷ്യരായിരിക്കാൻ നമ്മളെ ക്ഷണിക്കുന്നു.
ജീവിതത്തെ ഏകദേശം ജീവിക്കാൻ പറ്റുന്നതായി പരിവർത്തിക്കുന്നു പ്രകാശം പരത്തുന്ന ആ പെൺകുട്ടികൾ. ചെവിയോർത്താൽ ആകാശങ്ങളിൽ നിന്ന് മാലാഖാമാർ അവരെ അഭിവാദ്യം ചെയ്യുന്നത് നിങ്ങൾക്ക് കേൾക്കാം: നന്മ നിറഞ്ഞവരെ, സ്വസ്തി.