
കോഴിക്കോട് പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതിയായ രാഹുലും ഭാര്യയും നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവ്. ഈ മാസം 14 ന് നേരിട്ടെത്താനാണ് കോടതി നിര്‍ദേശം. ഗാര്‍ഹികപീഡന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുലും കുടുംബവും നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ജസ്റ്റിസ് എ. ബദറുദ്ദീനാണ് ഹര്‍ജി പരിഗണിച്ചത്.
തര്‍ക്കം ഒത്തുതീര്‍പ്പായെന്നും ഒരുമിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഹര്‍ജിക്കാരനും യുവതിയും നേരത്തേ കോടതിയെ അറിയിച്ചിരുന്നു. ഭര്‍ത്താവും താനുമായി ചെറിയ പിണക്കങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. വീട്ടുകാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഗാര്‍ഹിക പീഡന കേസ് നല്‍കിയത് എന്നും നോര്‍ത്ത് പറവൂര്‍ സ്വദേശിയായ പെണ്‍കുട്ടി നേരത്തേ സത്യവാങ്മൂലം നല്‍കിയിരുന്നു.
വഴക്കിനെ തുടര്‍ന്ന് രാഹുല്‍ കഴുത്തില്‍ കേബിള്‍ മുറുക്കി ഭാര്യയെ വധിക്കാന്‍ ശ്രമിച്ചെന്നാണ് പൊലീസ് കേസ്. എന്നാല്‍ യുവതി മൊഴി മാറ്റിയത് ഭീഷണിയെ തുടര്‍ന്നാകാമെന്നും ഇരുവരും ഒരുമിച്ച് താമസിച്ചാല്‍ വീണ്ടും രാഹുല്‍ യുവതിയെ ഉപദ്രവിക്കാന്‍ സാധ്യതയുണ്ടെന്നും വ്യക്തമാക്കി കോഴിക്കോട് അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇരുവരും നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശം നല്‍കിയത്.