
കുത്തനെ ചരിഞ്ഞ മലമേഖലയിൽ നിന്നുള്ള മണ്ണ് നീക്കം ചെയ്യലിൽ വിലക്കേർപ്പെടുത്തി ഹൈക്കോടതി. കെട്ടിട നിർമ്മാണത്തിനടക്കം മണ്ണെടുക്കുന്നത് നിർത്തണമെന്നും ഡിവിഷൻ ബഞ്ച് ഉത്തരവിട്ടു. പരിസ്ഥിതിക്ക് ഭീഷണിയായ മലകളിൽ നിന്നടക്കം മണ്ണ് നീക്കുന്നത് തടയാൻ പര്യാപ്തമല്ലാത്ത ഖനന നിയമത്തിലെ ഭേദഗതി ചോദ്യം ചെയ്ത്, തിരുവനന്തപുരം സ്വദേശി എസ്. ഉണ്ണികൃഷ്ണനാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച ആക്ടിങ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് മണ്ണെടുപ്പ് വിലക്കി കൊണ്ട് ഉത്തരവിറക്കിയത്.
കെട്ടിടനിർമാണത്തിനടക്കം കുത്തനെ ചരിവുള്ള മലമ്പ്രദേശങ്ങളിൽ നിന്ന് മണ്ണെടുക്കുന്നത് നിർത്താൻ ജിയോളജി ഡയറക്ടർ ഉത്തരവിറക്കണമെന്നും കോടതി നിർദേശിച്ചു.
മണ്ണെടുക്കാൻ ഏത് ഏജൻസിക്കും അനുമതി നൽകാമെന്ന വ്യവസ്ഥ റദ്ദാക്കണമെന്നും ഐ.ഐ.ടി പോലുള്ള ഏജൻസികൾക്ക് മാത്രമേ ഖനനാനുമതി നൽകാൻ അധികാരം നൽകാവൂവെന്നുമാണ് ഹർജിയിലെ ആവശ്യം.
മൂന്നാറടക്കം മലയോര മേഖലകളിലെ ഏറ്റവും വലിയ പ്രശ്നം നിയന്ത്രണമില്ലാത്ത മണ്ണ് നീക്കലാണെന്ന് കോടതി നിരീക്ഷിച്ചു. പഠനങ്ങളൊന്നും നടത്താതെയാണ് മൂന്നാറിലടക്കം നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഒരു ചെറിയ കുലുക്കമുണ്ടായാൽ ചീട്ടു കൊട്ടാരംപോലെ എല്ലാം തകർന്നു വീഴുന്ന സ്ഥിതിയാണുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി. സർക്കാരിൻ്റെ വിശദീകരണം തേടി ഹർജി പിന്നീട് പരിഗണിക്കും.