
ഇടുക്കിയിൽ നീലക്കുറിഞ്ഞികൾ നശിപ്പിച്ച സംഭവത്തിൽ ബൈസൺവാലി പഞ്ചായത്തിന് കത്ത് നൽകി സംസ്ഥാന ജൈവ വൈവിധ്യ ബോർഡ്. വിവാദ കൈയ്യേറ്റ ഭൂമിയായ ചൊക്രമുടിയിലാണ് റോഡ് നിർമിക്കാനും ഭൂമി പ്ലോട്ടുകളായി തിരിക്കാനും വ്യാപകമായി നീലക്കുറിഞ്ഞികൾ നശിപ്പിച്ചത്.
ജൈവ വൈവിധ്യ ബോർഡിലെ സാങ്കേതിക സഹായ സമിതി അംഗങ്ങൾ, ദേവികുളം റേഞ്ച് ഫോറസ്റ്റ് ഓഫീസർ, ജൈവ വൈവിധ്യ ബോർഡ് ഇടുക്കി ജില്ലാ കോർഡിനേറ്റർ എന്നിവർ സ്ഥലം സന്ദർശിച്ച് പാരിസ്ഥിതിക പഠനം നടത്തി ഏഴു ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദേശം.
ഇതിൻ്റെ ഭാഗമായി ജൈവ വൈവിധ്യ ബോർഡ് ഇടുക്കി ജില്ലാ കോർഡിനേറ്റർ വി.എസ്.അശ്വതി, പഞ്ചായത്ത് അധികൃതർ, വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ ചൊക്രമുടിയിൽ പ്രാഥമിക പരിശോധന നടത്തി. പ്രദേശത്ത് വൻതോതിൽ പരിസ്ഥിതി നാശം സംഭവിച്ചിട്ടുണ്ടെന്ന് സംഘം വിലയിരുത്തി.
തുടർനടപടികൾ ഇനി സ്വീകരിക്കേണ്ടത് വനംവകുപ്പാണ്. എന്നാൽ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച അവ്യക്തത തുടരുന്നതിനാൽ റവന്യു വകുപ്പിൻ്റെ റിപ്പോർട്ട് ലഭിച്ചശേഷമായിരിക്കും വനംവകുപ്പ് നടപടി സ്വീകരിക്കുക.