
തെക്കൻ ഗാസയിലെ റഫയിൽ പോരാട്ടത്തിൻ്റെ തീവ്രമായ ഘട്ടം അവസാനിച്ചുവെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. എന്നാൽ യുദ്ധം അവസാനിക്കുന്നില്ലെന്നും ഹമാസിനെ അധികാരത്തിൽ നിന്നും പുറത്താക്കും വരെ യുദ്ധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതിർത്തിയിലേക്ക് ഉടൻ തന്നെ സൈനികരെ വിന്യസിക്കാൻ ഇസ്രയേൽ സൈന്യത്തിന് സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. നിലവിൽ പ്രതിരോധമാണ് ലക്ഷ്യമിടുന്നതെങ്കിലും പലായനം ചെയ്തവരെ തിരിച്ചെത്തിക്കുക എന്ന ലക്ഷ്യം കൂടി ഇതിന് പിന്നിലുണ്ടെന്നും നെതന്യാഹു വ്യക്തമാക്കി. ബന്ദികളെ തിരികെ കൊണ്ടുവരികയും ഗസയിലെ ഹമാസ് ഭരണകൂടത്തെ പിഴുതെറിയുകയുമാണ് പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഒക്‌ടോബർ ഏഴിലെ ഹമാസ് ആക്രമണത്തെ തുടർന്നാണ് ഇസ്രായേൽ ഗാസയിൽ യുദ്ധം ആരംഭിച്ചത് അന്ന് ഹമാസ് തീവ്രവാദികൾ 1,200 പേരെ കൊല്ലുകയും 250 ലധികം പേരെ ബന്ദികളാക്കുകയും ചെയ്തു. എന്നാൽ അതിനുശേഷം, ഇസ്രായേൽ ഗാസയിൽ നടത്തിയ ആക്രമണത്തിൽ ഏകദേശം 37,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നത്.