
തമിഴ്‌നാട്ടിലെ ബിഎസ്‍പി നേതാവ് കെ. ആംസ്ട്രോങ്ങിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. ചെന്നൈ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിലാണ് 5000 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. എഐഎഡിഎംകെ മുൻ എംഎൽഎയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഗുണ്ടാനേതാക്കളായ നാഗേന്ദ്രനെ ഒന്നാം പ്രതിയും സാംബോ സെന്തിലിനെ രണ്ടാം പ്രതിയുമാക്കിയാണ് പൊലീസ് കുറ്റപത്രം.
ജയിലിൽ കഴിയുന്ന പ്രതികൾ ഉൾപ്പെടെ 30 പേർക്കെതിരെയാണ് കുറ്റപത്രം. ഇതുവരെ 28 പേരെ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടാം പ്രതി സാംബോ സെന്തിൽ ഇപ്പോഴും ഒളിവിലാണ്. 2023-ൽ ആർക്കോട്ട് സുരേഷിനെ കൊലപ്പെടുത്തിയതിൻ്റെ പ്രതികാരമായാണ് ആംസ്ട്രോങ്ങിൻ്റെ കൊലപാതകമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ആംസ്ട്രോങ്ങും നാഗേന്ദ്രനുമായി തർക്കം ഉണ്ടായിരുന്നതായും പൊലീസ് കണ്ടെത്തിയിരുന്നു.
ജൂലായ് 14 ന് പ്രതികളിലൊരാളായ തിരുവെങ്ങാടത്തെ പൊലീസ് വെടിവച്ചു കൊലപ്പെടുത്തിയിരുന്നു. തെളിവെടുപ്പ് സമയത്ത് പൊലീസിനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ച പ്രതിക്ക് നേരെ സ്വയരക്ഷയ്ക്കായി വെടിയുതിർത്തുവെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ജൂലായ് അഞ്ചിനാണ് ബിഎസ്‍പി നേതാവിനെ കൊലപ്പെടുത്തിയത്. ചെന്നൈയിലെ പെരമ്പൂരിലെ വസതിക്ക് സമീപത്ത് വെച്ച് ബൈക്കിലെത്തിയ ആറംഗ സംഘം കെ. ആംസ്ട്രോങ്ങിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.