
കാഫിർ പോസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട കേസിൽ കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി. എംഎസ്എഫ് നേതാവ് കാസിമിൻ്റെ ഹർജിലാണ് കോടതി ഉത്തരവ്. ഓഗസ്റ്റ് 12ന് മുൻപ് തന്നെ അന്വേഷണ ഉദ്യോഗസ്ഥനായ വടകര പൊലീസ് ഇൻസ്‌പെക്ടർ കേസ് ഡയറി ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചു.
വടകര ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപായി സമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ച വ്യാജ കാഫിർ സ്ക്രീൻഷോട്ടുമായി ബന്ധപ്പെട്ട കേസിൽ ശരിയായ രീതിയിലുള്ള അന്വേഷണം ആവശ്യപ്പെട്ട് എംഎസ്എഫ് നേതാവ് പി.കെ മുഹമ്മദ് കാസിം നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഇതുവരെ നടത്തിയ അന്വേഷണത്തിൻ്റെ കേസ് ഡയറി കോടതിക്ക് മുന്നിൽ ഹാജരാക്കാൻ സിംഗിൾ ബെഞ്ച് നിർദേശിച്ചു.
പരാതിയിൽ കേസെടുക്കാതെ കാസിമിനെ പ്രതിയാക്കി കേസെടുക്കുകയാണ് പൊലീസ് ചെയ്തതെന്നും, കേസെടുക്കാതിരുന്നത് സുപ്രീം കോടതിയുടെ അശ്വനി കുമാർ കേസിലെ വിധിയുടെ ലംഘനമാണെന്നും ഹർജിക്കാരൻ്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. അന്വേഷണ പുരോഗതി റിപ്പോർട്ട് ഫയൽ ചെയ്യാൻ മെയ് 31ന് ഹൈക്കോടതി വടകര പൊലീസിന് നിർദേശം നൽകിയിരുന്നു. തുടർന്ന് ജൂൺ 10ന് ഹൈക്കോടതിയിൽ ഫയൽ ചെയ്ത പുരോഗതി റിപ്പോർട്ടിൽ മുഹമ്മദ് കാസിമിനെതിരെ പ്രഥമ ദൃഷ്ട്യ തെളിവില്ലെന്നായിരുന്നു കണ്ടെത്തിയത്.
പ്രതികളെ കണ്ടെത്തുന്നതിൽ പൊലീസിന് അലംഭാവമാണെന്ന് മുഹമ്മദ് കാസിമിൻ്റെ അഭിഭാഷകൻ വാദിച്ചു. പോസ്റ്റ് ആദ്യമായി പ്രചരിപ്പിച്ച “അമ്പാടിമുക്ക് സഖാക്കൾ കണ്ണൂർ” എന്ന ഗ്രൂപ്പിൻ്റെ അഡ്മിന്മാരുടെ വിവരങ്ങൾ ഫേസ്ബുക്ക് നൽകിയിട്ടും പ്രതി ചേർത്തില്ലെന്നും വാദിഭാഗം ചൂണ്ടിക്കാട്ടി. കേസിൻ്റെ തുടർവാദം ഓഗസ്റ്റ് 12ന് പരിഗണിക്കും.