
കേരളത്തിൽ മോഷണം നടത്തിയ കുറുവ സംഘത്തിലെ അവസാന പ്രതിയും പിടിയിലായി. തമിഴ്നാട് മധുരൈ സ്വദേശി കട്ടൂചനാണ്(56) മണ്ണഞ്ചേരി പൊലീസിൻ്റെ പിടിയിലായത്. റാഞ്ചി മണ്ണഞ്ചേരി ഇൻസ്പെക്ടർ ടോൾസൻ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം മധുരയിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. ആലപ്പുഴ പുന്നപ്രയിൽ വീട് കയറി സ്വർണം കവർന്ന കേസിലെ പ്രതിയാണ് കട്ടൂച്ചൻ.
പ്രതിക്കെതിരെ കേരളത്തിലെ ഗുരുവായൂരുൾപ്പടെയുള്ള സ്ഥലങ്ങളിലും തമിഴ്നാട്ടിലും നിരവധി കേസുകളുണ്ട്. 2012 ൽ മാരാരിക്കുളം സ്റ്റേഷൻ പരിധിയിൽ അമ്മയും മകളും തനിച്ച് താമസിച്ചിരുന്ന വീട്ടിൽ കയറി അവരെ ആക്രമിച്ച് സ്വർണം കവർന്ന കേസിൽ ഇയാളെ 18 വർഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. എന്നാൽ കോവിഡ് കാലത്ത് ജയിൽ ഒഴിപ്പിക്കലിൻ്റെ ഭാഗമായി ശിക്ഷയിൽ ഇളവ് നൽകി വിട്ടയക്കുകയായിരുന്നു.
2024 നവംബർ 14ന് സംഘത്തിലെ സന്തോഷ് ശെൽവൻ എന്നായാളെ എറണാകുളം കുണ്ടന്നൂരിൽ നിന്നും പിടികൂടിയിരുന്നു. എന്നാൽ കൈവിലങ്ങോടെ രക്ഷപ്പെട്ട പ്രതിയെ നാല് മണിക്കൂറിന് ശേഷം പൊലീസ് കണ്ടെത്തി. മണ്ണിൽ കുഴിയുണ്ടാക്കിയാണ് ഈ സമയം അത്രയും ഇയാൾ ഒളിച്ചിരുന്നത് എന്നാണ് പുറത്തുവന്ന വിവരങ്ങള്‍. സന്തോഷ് ശെല്‍വത്തിന്‍റെ പേരില്‍ 18 കേസുകളാണ് തമിഴ്നാട്ടില്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 30ഓളം കേസുകള്‍ ഉണ്ടെന്ന് പ്രതി തന്നെ കേരള പൊലീസിനോട് സമ്മതിച്ചിരുന്നു.
തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിക്കടുത്ത് തിരുട്ടുഗ്രാമത്തിൽ നിന്നുള്ള മോഷ്ടാക്കളുടെ കൂട്ടമാണ് കുറുവാ സംഘം. തമിഴ്നാട് ഇൻ്റലിജൻസ് വിഭാഗമാണ് ഈ മോഷണ സംഘത്തിന് 'കുറുവ' എന്ന പേര് നൽകിയത്. ആയുധധാരികളായ സംഘമെന്ന് അർഥം. തമിഴ്നാട്ടിൽ 'നരിക്കുറുവ' എന്ന പേരിലും അറിയപ്പെടാറുണ്ട്. പാരമ്പര്യമായി കൈമാറിവന്ന മോഷണ തന്ത്രങ്ങളാണ് ഇവരുടെ കൈമുതൽ. ഇവരിൽ നിന്ന് കുറഞ്ഞത് മൂന്ന് പേരാകും ഒരിടത്ത് മോഷ്ടിക്കാൻ പോകുക.
തിരുട്ടുഗ്രാമമാണ് കുറുവാ സംഘത്തിന്റെ സ്വന്തം നാടെങ്കിലും ഇപ്പോഴത്തെ കുറുവാ സംഘത്തിലുള്ളവരെല്ലാം ഒരേ ഗ്രാമത്തിൽ നിന്നുള്ളവരല്ല. ചെറിയ ജോലികളുമായി പകൽ ചുറ്റിക്കറങ്ങുകയും രാത്രി മോഷണം നടത്തുകയും ചെയ്യുന്ന കുറുവാ സംഘം തമ്പടിക്കുന്നത് കേരള തമിഴ്നാട് അതിർത്തിയിലാണ്.