
കോഴിക്കോട് കോയ റോഡ് തെരുവത്ത് ബസാറില്‍ മതില്‍ ഇടിഞ്ഞ് കുട്ടികള്‍ക്ക് മേല്‍ പതിച്ച് അപകടം. ഇന്ന് രാവിലെ 8:30 നാണ് അപകടം ഉണ്ടായത്. ലോറിയുടെ സൈഡ് തട്ടിയാണ് മതില്‍ ഇടിഞ്ഞു വീണത്. അപകടത്തില്‍ അഞ്ച് കുട്ടികള്‍ക്ക് പരുക്കേറ്റു.
കുട്ടികളുടെ കൈക്കും കാലിനുമാണ് പരുക്കേറ്റത്. നാല് കുട്ടികളെ ബീച്ച് ആശുപത്രിയിലും ഒരു കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോഴികളുമായി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.
സ്‌കൂളിലേക്ക് പോകാന്‍ ഓട്ടോ കാത്തുനില്‍ക്കുന്ന കുട്ടികളുടെ ദേഹത്തേക്കാണ് മതില്‍ ഇടിഞ്ഞു വീണത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ന്യൂസ് മലയാളത്തിന് ലഭിച്ചു.
പരുക്ക് പറ്റിയതില്‍ മൂന്ന് പേര്‍ മര്‍ക്കസ് സ്‌കൂളിലെ വിദ്യാര്‍ഥികളാണ്. ഒരാള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയും ഒരാള്‍ യുകെജി, ഒരാള്‍ ഒന്നാം ക്ലാസ്സ് വിദ്യാര്‍ഥികളുമാണ്. രണ്ട് കുട്ടികള്‍ പി വി എസ് സ്‌കൂളില്‍ പഠിക്കുന്നവരാണ്. ഒരാള്‍ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ഥിയും ഒരാള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയുമാണ്.
വെള്ളയില്‍ പൊലീസ് അപകട സ്ഥലത്തെത്തി. വണ്ടിയുടെ ഡ്രൈവര്‍ വിഷ്ണുവിനെ വെള്ളയില്‍ പൊലീസ് ചോദ്യം ചെയ്തു.