
'ഇന്ന് ഉണ്ടാക്കി അയക്കുന്നത് പനീര്‍ ആണ്. എന്റെ ഭര്‍ത്താവിന്റെ ഫേവറേറ്റ്'. റിതേഷ് ബത്രയുടെ ദ ലഞ്ച് ബോക്‌സിലെ ഇല എന്ന കഥാപാത്രം പറയുന്ന ഡയലോഗാണിത്. ഇര്‍ഫാന്‍ ഖാന്റെ സാജന്‍ ഫര്‍ണാണ്ടസിനോടാണ് നിമ്രത് കൗറിന്റെ ഇല ഇത് പറയുന്നത്. അതും നേരിട്ടല്ല. അവര്‍ സംസാരിക്കുന്നത് മുഴുവന്‍ കത്തുകളിലൂടെയാണ്. ഒറ്റപ്പെട്ടുപോയ ഇല അല്‍പം ആശ്വാസം കണ്ടെത്തുന്നത് ഈ കത്തുകളിലൂടെയാണ്.....
ഇല ഒരു ഹൗസ് വൈഫാണ്. അവള്‍ക്ക് വേണ്ടതോ ഭര്‍ത്താവില്‍ നിന്ന് കുറച്ച് സ്‌നേഹം മാത്രം. മുംബൈയിലെ ഒരു അപാര്‍ട്ട്‌മെന്റിലാണ് ഇലയും ഭര്‍ത്താവ് രാജീവും മകളും താമസിക്കുന്നത്. എന്നും രാവിലെ ഭര്‍ത്താവ് ജോലിക്കും മകള്‍ സ്‌കൂളിലേക്കും പോകും. പിന്നെ ഇല ഒറ്റയ്ക്കാണ്. ഭര്‍ത്താവിന് ഉച്ചഭക്ഷണം ഉണ്ടാക്കുക എന്നതാണ് ഇനി ഇലയുടെ ജോലി. വ്യത്യസ്ത തരത്തിലുള്ള റെസിപ്പികള്‍ ഉണ്ടാക്കി ഭര്‍ത്താവിന്റെ അറ്റന്‍ഷന്‍ പിടിച്ചുപറ്റാനാണ് അവള്‍ ശ്രമിക്കുന്നത്. അതിനാണ് ഇല നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നതും. എന്നാല്‍ അപ്രതീക്ഷിതമായി അവളുടെ ഭര്‍ത്താവിന്റെ ലഞ്ച്‌ബോക്‌സ് മറ്റൊരാളിലേക്ക് എത്തുന്നു. അന്ന് മുതലാണ് ഇലയുടെ സാധാരണ ജീവിതത്തില്‍ മാറ്റം സംഭവിക്കുന്നത്.
സാജന്‍ ഫര്‍ണാണ്ടസ് എന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് ഇലയുടെ ഭര്‍ത്താവിന്റെ ലഞ്ച് ബോക്‌സ് മാറി എത്തുന്നത്. മുംബൈയില്‍ കാലാ കാലങ്ങളായി നടന്നുവരുന്ന ഡബ്ബാ സര്‍വീസിനെ പശ്ചാത്തലമാക്കിയാണ് ലഞ്ച് ബോക്‌സിന്റെ കഥ നടക്കുന്നത്. വീടുകളില്‍ നിന്നും ഓഫീസുകളിലേക്ക് ലഞ്ച്‌ബോക്‌സുകള്‍ എത്തിക്കുന്നവരെയാണ് ഡബ്ബാ വാലാ എന്ന് പറയുന്നത്. ഇലയും തന്റെ ഭര്‍ത്താവിന് ഉച്ചഭക്ഷണം എത്തിക്കുന്നത് അങ്ങനെയാണ്. ഡബ്ബാ സര്‍വീസ് നടത്തുന്നവരാണ് ഇലയുടെ ഭര്‍ത്താവിന്റെ ലഞ്ച് ബോക്‌സ് മാറി സാജന്‍ ഫര്‍ണാണ്ടസിലേക്ക് എത്തിക്കുന്നത്.
ALSO READ: മിഥുനം : സുലോചനയും ഉട്ടോപ്യന്‍ ലോകവും
ഇലയ്ക്കും ഭര്‍ത്താവിനും ഇടയില്‍ ഇമോഷണല്‍ കണക്ഷന്‍ ഒട്ടും തന്നെയില്ല. ഒരു ഒഴുക്കില്‍ അങ്ങനെ ജീവിച്ചു പോവുക എന്നല്ലാതെ അവരുടെ ജീവിതത്തില്‍ പുതുതായി ഒന്നും സംഭവിക്കുന്നില്ല. അതിനൊരു മാറ്റം വരുത്താനാണ് ഇല പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഒരു പുരുഷന്റെ ഹൃദയത്തിലേക്കുള്ള വഴി അവന്റെ വയറിലൂടെയാണെന്ന് വിശ്വസിക്കുന്ന വ്യക്തികൂടിയാണ് ഇല. അതുകൊണ്ടാണ് അവള്‍ അത്രയും സമയമെടുത്ത് ഭര്‍ത്താവിന് രുചിയുള്ള വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങള്‍ ഉണ്ടാക്കി കൊടുത്തയക്കുന്നത്. അവളുടെ വിശ്വാസം തെറ്റുന്നില്ല. പക്ഷെ ഇല ഭര്‍ത്താവുമായല്ല സാജനുമായാണ് പിന്നീട് കണക്ട് ആകുന്നത്.
ഇലയ്ക്ക് ആകെ കൂട്ടായി ഉള്ളത് അപാര്‍ട്‌മെന്റിന്റെ മുകളില്‍ താമസിക്കുന്ന ദേശ്പാണ്ഡേ ആന്റിയാണ്. അവരുടെ ശബ്ദം മാത്രമാണ് സിനിമയില്‍ ഉടനീളമുള്ളത്. അവര്‍ ഇല ഉണ്ടാക്കുന്ന ഭക്ഷണത്തിന് അഭിപ്രായം പറയുകയൊക്കെ ചെയ്യും. ലഞ്ച്‌ബോക്‌സ് മാറിപോകുന്ന ആദ്യ ദിവസം ഇല വളരെ ശ്രദ്ധയോടെ ദേശ്പാണ്ഡേ ആന്റി പറഞ്ഞതെല്ലാം അനുസരിച്ചാണ് ഭക്ഷണം പാകം ചെയ്യുന്നത്. പ്രതീക്ഷയോടെ അവള്‍ ഭക്ഷണം ഡബ്ബാ സര്‍വ്വീസിന് കൊടുക്കുകയും ചെയ്യുന്നു. വൈകുന്നേരം ലഞ്ച്‌ബോക്‌സ് തിരികെ എത്തിയപ്പോള്‍ അവള്‍ ആകെ ഞെട്ടിപ്പോയി. കാരണം ഭക്ഷണം മുഴുവനായി കഴിച്ചിരിക്കുന്നു. സത്യത്തില്‍ ഇല സന്തോഷിക്കുകയാണ് ചെയ്യുന്നത്. അവളില്‍ ചെറിയ പ്രതീക്ഷയും ഉണ്ടാകുന്നു. ഭര്‍ത്താവ് വരുന്ന സമയം ആയപ്പോഴേക്കും അവള്‍ ഒരുങ്ങി നില്‍ക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഭര്‍ത്താവ് സ്ഥിരം പല്ലവി തന്നെയാണ് പറഞ്ഞത്. ഭക്ഷണം നന്നായിരുന്നോ എന്ന് അവള്‍ ചോദിക്കുമ്പോള്‍ ഇലയുടെ മുഖത്ത് പോലും നോക്കാതെയാണ് അയാള്‍ മറുപടി പറയുന്നത്. നീ ആലു ഗോപി അല്ലെ കൊടുത്തയച്ചത്. നല്ലതായിരുന്നു എന്നാണ് അയാള്‍ പറയുന്നത്. അപ്പോഴാണ് ഇലയ്ക്ക് മനസിലാകുന്നത് ലഞ്ച്‌ബോക്‌സ് മാറി പോയിട്ടുണ്ടെന്ന്.
പിറ്റേ ദിവസം ദേശ്പാണ്ഡേ ആന്റിയുടെ നിര്‍ദ്ദേശപ്രകാരം ഇല ഭക്ഷണത്തിനൊപ്പം ഒരു കത്ത് കൂടി ലഞ്ച് ബോക്‌സില്‍ വെക്കുന്നു. 'ഇന്നലെ ഭക്ഷണം മുഴുവന്‍ കഴിച്ച് ലഞ്ച് ബോക്‌സ് തിരിച്ചയച്ചതിന് നന്ദി. അത് ഞാന്‍ എന്റെ ഭര്‍ത്താവിന് വേണ്ടി ഉണ്ടാക്കിയ ഭക്ഷണമായിരുന്നു. ഭര്‍ത്താവ് തിരികെ വീട്ടില്‍ വന്നാല്‍ എന്നോട് എന്തെങ്കിലും പറയുമെന്ന് ഞാന്‍ കരുതി. ശരിക്കും പറഞ്ഞാല്‍ ഒരാളുടെ ഹൃദയത്തിലേക്കുള്ള വഴി അയാളുടെ വയറിലൂടെയാണ് എന്നാണല്ലോ പറയുന്നത്. ഇന്ന് ഞാന്‍ പനീര്‍ ആണ് അയക്കുന്നത്. എന്റെ ഭര്‍ത്താവിന്റെ ഫേവറേറ്റ്', എന്നാണ് ഇല ആദ്യമായി സാജന്‍ ഫര്‍ണാണ്ടസിന് എഴുതിയിരുന്നത്.
ലഞ്ച്‌ബോക്‌സ് തിരികെ എത്തിയപ്പോള്‍ അവള്‍ മറുപടി പ്രതീക്ഷിച്ചാണ് അത് തുറന്നത്. നന്ദി പ്രതീക്ഷിച്ച് ലഞ്ച് ബോക്‌സ് തുറന്ന ഇലയ്ക്ക് ലഭിച്ചത് 'the food was very salty today' എന്ന മറുപടിയായിരുന്നു. അതോടെ ഇലയും സാജനും തമ്മില്‍ ഒരു സൗഹൃദം ആരംഭിക്കുകയാണ്. പിന്നീട് അവര്‍ കത്തുകളിലൂടെ സംസാരിച്ചുകൊണ്ടിരുന്നു. ഇല തന്റെ മനസ് സാജന് മുന്നില്‍ കത്തുകളിലൂടെ തുറന്ന് വെക്കുകയാണ് ചെയ്തത്. തന്റെ ഭര്‍ത്താവ് മുഴുവന്‍ സമയവും ഫോണില്‍ നോക്കി ഇരിപ്പാണെന്ന് ഇല സാജനോട് പറയുന്നു. അതിന് മറുപടിയായി സാജന്‍ പറയുന്നത്, ഒരു കുട്ടി കൂടി വന്നാല്‍ ചിലപ്പോള്‍ ജീവിതത്തില്‍ മാറ്റം ഉണ്ടാകുമെന്നാണ്.
അന്ന് രാത്രി ഇല തന്റെ ഭര്‍ത്താവുമായി ഇന്റിമേറ്റാകാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഭര്‍ത്താവ്, 'സ്ഥിരം ആലൂ ഗോപി മാത്രം അയക്കാതിരിക്കു. അത് വയറിന് നല്ലതല്ലെന്ന്' പറഞ്ഞ് അവിടെ നിന്നും ഒഴിഞ്ഞു മാറുകയാണ് ചെയ്യുന്നത്. അവളില്‍ അത് വല്ലാത്ത വിഷമം ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ അത് ഇല ഭര്‍ത്താവിനോട് പറയുന്നില്ല. അവള്‍ അവളുടെ പ്രശ്‌നങ്ങളും ആശങ്കകളും സംശയങ്ങളുമെല്ലാം ഇപ്പോള്‍ പങ്കുവെക്കുന്നത് സാജനോടാണ്.
ഇല മുത്തശ്ശിയുടെ സ്‌പെഷ്യല്‍ റെസിപ്പി സാജാന് വേണ്ടി ഉണ്ടാക്കി കൊടുത്തയക്കുന്നുണ്ട്. സാജന്‍ അതിന് മറുപടി അയച്ചത്, 'എനിക്ക് പ്രിയപ്പെട്ട വഴുതനങ്ങ കറിയേക്കാള്‍ മികച്ചതായിരുന്നു മുത്തശ്ശിയുടെ റെസിപ്പി', എന്നായിരുന്നു. ഇലയും സാജനും ഒരുപോലെ അനുഭവിക്കുന്ന കാര്യമാണ് ഏകാന്തത. ജീവിതത്തില്‍ അവര്‍ക്ക് തുറന്ന് സംസാരിക്കാന്‍ ആരുമില്ല. അതുകൊണ്ട് കൂടിയാണ് അപരിചിതര്‍ ആയിരുന്നിട്ടും അവര്‍ അത്രയും അടുത്ത് പോയത്.
ഭര്‍ത്താവ് തന്നില്‍ നിന്ന് അകന്നു പോകുന്നത് ഇലയ്ക്ക് മനസിലാകുന്നുണ്ട്. അതെല്ലാം അവള്‍ സാജനോട് പറയുന്നുമുണ്ട്. ഒരു ദിവസം ഭര്‍ത്താവിന്റെ ഷര്‍ട്ടുകള്‍ കഴുകുന്ന സമയത്ത് ഇലയ്ക്ക് അതില്‍ നിന്നും പുതിയൊരു മണം കിട്ടുന്നു. പിറ്റേ ദിവസം അവള്‍ സാജന് അയക്കുന്ന കത്തില്‍ പറയുന്നുണ്ട്, എന്റെ ഭര്‍ത്താവിന് മറ്റൊരു ബന്ധമുണ്ടെന്ന്. അതോടെ അവള്‍ക്ക് ഭര്‍ത്താവുമൊത്തുള്ള ജീവിതത്തില്‍ പ്രതീക്ഷ നഷ്ടപ്പെടുകയാണ്. മറ്റൊരു കത്തില്‍ ഇല സാജനോട് ഭൂട്ടാനിലേക്ക് താമസം മാറിയാലോ എന്ന് കരുതുന്നുണ്ടെന്ന് പറയുന്നു. അതിന് മറുപടിയായി സാജന്‍ ഞാനും നിന്റെ കൂടെ ഭൂട്ടാനിലേക്ക് വന്നോട്ടേ എന്നാണ് ചോദിക്കുന്നത്. അതുവരെ അവര്‍ തമ്മില്‍ കാണുന്ന കാര്യം സംസാരിച്ചിരുന്നില്ല. എന്നാല്‍ ആ മറുപടിക്ക് ശേഷം ഇരുവരും തമ്മില്‍ കാണാന്‍ തീരുമാനിക്കുകയാണ്.
ALSO READ: HIGHWAY : വീരയുടെ യാത്ര
സാജനെ നേരിട്ട് കാണാന്‍ സന്തോഷത്തോടെ ഇല റെസ്റ്റോറെന്റില്‍ എത്തുന്നു. എന്നാല്‍ സാജന്‍ വരില്ല. അവള്‍ നിരാശയോടെ തിരികെ പോവുന്നു. നിരാശയും ദേഷ്യവും സങ്കടവും വന്ന ഇല അത് പ്രകടിപ്പിക്കുന്നത് അടുത്ത ദിവസം ഭക്ഷണമില്ലാത്ത ലഞ്ച് ബോക്‌സ് അയച്ചാണ്. കാര്യം മനസിലായ സാജന്‍, ഇലയ്ക്ക് കത്തയക്കുന്നു. താന്‍ റെസ്റ്റോറെന്റില്‍ വന്നിരുന്നെന്നും പക്ഷെ, ഇലയുടെ അടുത്തേക്ക് വരാനുള്ള ധൈര്യം ഉണ്ടായിരുന്നില്ലെന്നുമാണ് സാജന്‍ എഴുതിയത്. ഇലയ്ക്ക് പ്രായം വളരെ കുറവാണ് അതുകൊണ്ട് അവളോട് ജീവിതത്തില്‍ മൂവ് ഓണ്‍ ചെയ്യാനാണ് സാജന്‍ പറയുന്നത്.
പിന്നീട് നമ്മള്‍ കാണുന്നത് ലങ് കാന്‍സര്‍ ബാധിച്ച ഇലയുടെ അച്ഛന്‍ മരിക്കുന്നതാണ്. വീട്ടിലെത്തിയ ഇലയോട് അമ്മ തന്റെ വിവാഹ ജീവിതം ഒട്ടും സന്തോഷകരമായിരുന്നില്ലെന്ന് തുറന്ന് പറയുകയും ചിലപ്പോള്‍ തെറ്റായ ട്രെയിന്‍ പോലും നമ്മളെ ശരിയായ വഴിലേക്ക് എത്തിക്കുമെന്ന ഉപദേശം കൊടുക്കുകയും ചെയ്യും. അപ്പോഴാണ് ഇല സാജനെ അന്വേഷിച്ച് പോകാന്‍ തീരുമാനിക്കുന്നത്. ഡബ്ബാ സര്‍വീസില്‍ നിന്നും സാജന്റെ ഓഫീസ് വിലാസം ഇല കണ്ടെത്തുന്നു. എന്നാല്‍ ഓഫീസില്‍ എത്തിയ ഇലയ്ക്ക് സാജന്‍ റിട്ടയറായി നാസിക്കിലേക്ക് പോയ വിവരമാണ് ലഭിക്കുന്നത്.
അങ്ങനെ ഇല സാജന് അവസാനമായി ഒരു കത്ത് കൂടി എഴുതുന്നു. താന്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഭൂട്ടാനിലേക്ക് മകളുമായി പോവുകയാണെന്നാണ് ആ കത്തില്‍ എഴുതിയിരുന്നത്. ഇതോടെ നാസികിലേക്ക് പോകാന്‍ തീരുമാനിച്ച സാജന്‍ തിരികെ മുംബൈയിലേക്ക് എത്തുന്നു. സിനിമ അവസാനിക്കുന്നത്, ഇല തന്റെ മകള്‍ സ്‌കൂളില്‍ നിന്നും മടങ്ങി വരാന്‍ കാത്തിരിക്കുന്നിടത്തും സാജന്‍ ഇലയുടെ വീട്ടിലേക്ക് ഡബ്ബാ സര്‍വീസുകാര്‍ക്കൊപ്പം പോകുന്നിടത്തുമാണ്.
ഇലയും സാജനും തമ്മില്‍ കാണുമോ എന്നത് പ്രേക്ഷകന്റെ തീരുമാനത്തിന് വിട്ടിരിക്കുകയാണ് സംവിധായകന്‍. എന്തായാലും ഇല തന്റെ ജീവിതം സ്വന്തം ഇഷ്ടത്തിന് ജീവിക്കാന്‍ തീരുമാനിക്കുന്നിടത്ത് തന്നെയാണ് ലഞ്ച് ബോക്‌സ് അവസാനിക്കുന്നത്. ആ പുതിയ ജീവിതത്തില്‍ അവള്‍ക്കൊപ്പം ചിലപ്പോള്‍ സാജനും ഉണ്ടായേക്കാം. ചിലപ്പോള്‍ ഉണ്ടാവില്ലായിരിക്കും. എന്തായാലും ഇനി ഇല ജീവിക്കുന്നത് അവള്‍ക്ക് വേണ്ടിയായിരിക്കും എന്നത് തീര്‍ച്ചയാണ്.
ഇല നമ്മള്‍ക്ക് ചുറ്റുമുള്ള എത്രയോ സ്ത്രീകളുടെ പ്രതിഫലനമാണ്. വിവാഹ ജീവിതം വളരെ മോശം രീതിയില്‍ പുതുമയൊന്നും ഇല്ലാതെ ഒരു ഒഴുക്കില്‍ കടന്ന് പോകുന്ന സ്ത്രീകളെ നമ്മള്‍ കണ്ടിട്ടുണ്ട്. അവര്‍ക്കെല്ലാം ജീവിതത്തില്‍ ഇലയെ പോലെ ആകാന്‍ സാധിക്കണമെന്നില്ല. ഇവിടെ യഥാര്‍ത്ഥത്തില്‍ സാജന്‍ എന്ന വ്യക്തി ഇലയ്ക്ക് തന്റെ ജീവിതം തിരിച്ചുപിടിക്കാന്‍ ഒരു ഘടകമായി എന്നുമാത്രമെ പറയാന്‍ കഴിയുകയുള്ളൂ. ഇരുവരും തമ്മില്‍ വളരെ നല്ല ബന്ധമാണ് വളര്‍ന്നുവന്നത്. എന്നിരുന്നാലും അതൊരു ക്ലീഷേ റൊമാന്റിക് രീതിയിലേക്കൊന്നും പോകുന്നുമില്ല. ഇലയ്ക്ക് തന്റെ ഭര്‍ത്താവില്‍ നിന്നും കുറച്ച് സ്‌നേഹവും കരുതലും ആണ് വേണ്ടിയിരുന്നത്. എന്നാല്‍ അയാള്‍ അത് തരില്ലെന്ന് ഉറപ്പായപ്പോള്‍ ഇല തന്റെ ജീവിതം പാഴാക്കാതെ മുന്നോട്ട് കൊണ്ട് പോകാനുള്ള തീരുമാനം എടുക്കുന്നു. ആ ജീവിതത്തില്‍ സാജന്‍ ഫര്‍ണാണ്ടസ് ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇല ഇനി ജീവിതത്തില്‍ മുന്നോട്ട് തന്നെ പോകും.