
മഹാരാഷ്ട്രയിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി, ശിവസേന, എൻസിപി എന്നിവയുടെ എന്‍ഡിഎ മഹായുതി സഖ്യം സീറ്റ് വിഭജനം ചർച്ച ചെയ്യുന്നതായി റിപ്പോർട്ട്. 288 അംഗ സഭയിൽ 140 മുതൽ 150 വരെ സീറ്റുകളിൽ ബിജെപി മത്സരിച്ചേക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന 80 സീറ്റുകളിലും അജിത് പവാറിൻ്റെ എൻസിപി 55 സീറ്റുകളിലും മത്സരിക്കുമെന്നാണ് റിപ്പോർട്ട്. ചെറിയ സഖ്യകക്ഷികൾക്കായി മൂന്ന് സീറ്റുകൾ നീക്കിവെച്ചിട്ടുണ്ട്.
കോൺഗ്രസ്, ശിവസേന (ഉദ്ധവ് താക്കറെ), ശരദ് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപി എന്നിവര്‍ ഉൾപ്പെടുന്ന പ്രതിപക്ഷ കക്ഷിയായ മഹാ വികാസ് അഘാഡിയെയാണ് എൻഡിഎ മഹായുതി സഖ്യം തെരഞ്ഞെടുപ്പിൽ നേരിടുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 48 ലോക്‌സഭാ സീറ്റുകളിൽ 30 സീറ്റും നേടിയാണ് മഹാ വികാസ് അഘാഡി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
ALSO READ: സീതാറാം യെച്ചൂരിയുടെ നില അതീവ ഗുരുതരം
2019 ലെ മഹാരാഷ്ട്ര തെരഞ്ഞെടുപ്പിലും ബിജെപിയുടെയും അവിഭക്ത ശിവസേനയുടെയും സഖ്യം വൻ വിജയം നേടിയിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ദീർഘകാലത്തെ സഖ്യകക്ഷികൾ പിരിഞ്ഞു. സേനാ മേധാവി ഉദ്ധവ് താക്കറെ സർക്കാർ രൂപീകരിക്കാൻ കോൺഗ്രസുമായും എൻസിപിയുമായും സഖ്യമുണ്ടാക്കി.
തെരഞ്ഞെടുപ്പിന് ശേഷം ഏതാണ് യഥാർഥ പാർട്ടിയെന്ന് ജനങ്ങൾ മനസിലാക്കി കൊടുക്കുമെന്നും രണ്ട് വിഭാഗം നേതാക്കളും പ്രതികരിച്ചിരുന്നു. പൊതു തെരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായ തിരിച്ചടികൾ നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചേക്കാമെന്ന സൂചനയും ഉണ്ട്. ഇത് ബിജെപിയെ സംബന്ധിച്ച് ആഘാതം സൃഷ്‌ടിച്ചേക്കാം. ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ശിവ സേനയും എൻസിപിയും മികച്ച പ്രകടനം കാഴ്ച വെച്ചതിനാൽ സീറ്റ് വിഭജനത്തിൻ്റെ കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല.