
ഉത്തരേന്ത്യൻ മേഖലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പ്രളയമുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജസ്ഥാൻ, ഹിമാചൽ പ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലും ഡൽഹിയിലും കനത്ത മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തത്. കനത്ത മഴയെ തുടർന്ന് ഹിമാചലിലെ നദികളിൽ ജലനിരപ്പ് ഉയർന്നതോടെയാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രദേശത്ത് മിന്നൽ പ്രളയത്തിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയത്.
രാജസ്ഥാനിൽ കഴിഞ്ഞ ദിവസങ്ങളിലായി അതീവ ശക്തമായ മഴ പെയ്തുവെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ട്. കഴിഞ്ഞ ദിവസത്തെ മഴയിൽ ജയ്‌പൂർ നഗരത്തിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. പ്രദേശത്തെ പ്രധാന റോഡുകളിൽ വെള്ളം കയറിയതോടെ ഗതാഗതം സ്തംഭിച്ച നിലയിലാണ്. കാലാവസ്ഥ വകുപ്പിന്റെ കണക്ക് പ്രകാരം തിങ്കളാഴ്ച രാത്രിവരെ 79 മില്ലിമീറ്റർ മഴയാണ് ജയ്‌പൂരിൽ പെയ്തത്.
മഴയിൽ വൈദ്യുത പോസ്റ്റുകൾ തകർന്നതോടെ പല മേഖലയിലെയും വൈദ്യുത വിതരണം തടസപ്പെട്ടു. ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ ജനങ്ങളോട് ജാഗ്രത പാലിക്കാൻ അഭ്യർത്ഥിച്ചിരിക്കുകയാണ്. കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് എല്ലാവരും പാലിക്കണമെന്നും, ജലാശയങ്ങളിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. സർക്കാർ സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടെന്നും ജനങ്ങൾക്കൊപ്പമാണെന്നും ഭജൻലാൽ ശർമ കൂട്ടിച്ചേർത്തു.
ഹരിയാനയിൽ പെയ്ത ശക്തമായ മഴയിൽ ഗുരുഗ്രാം നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂക്ഷമായി. ഗുരുഗ്രാം- ഡൽഹി എക്സ്പ്രസ് വേ ഉൾപ്പെടെ നഗരത്തിലെ പ്രധാന റോഡുകളെയെല്ലാം മഴ സാരമായി ബാധിച്ചു. അംബാലയിലും മഴ ദുരിതം വിതച്ചിരിക്കുകയാണ്. വീടുകളിലും കടകളിലും വെള്ളം കയറി. കഴിഞ്ഞ 24 മണിക്കൂറിനിടെ അംബാലയിൽ 230 മില്ലിമീറ്റർ മഴ ലഭിച്ചെന്ന് മന്ത്രി അസീം ഗോയൽ അറിയിച്ചു. സർക്കാർ സാഹചര്യം നിരീക്ഷിക്കുന്നുണ്ടെന്നും ജനങ്ങൾ ഭയപ്പെടരുതെന്നും സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നും മന്ത്രി പറഞ്ഞു.
ശക്തമായ മഴയെത്തുടർന്ന് ഹിമാചലിലെ നദികളിൽ ജലനിരപ്പ് ഉയർന്നു. അടുത്ത അഞ്ച് ദിവസത്തേക്ക് മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ചമ്പയും മാണ്ടിയും ഉൾപ്പടെ ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച മാർക്കണ്ട നദിയിൽ കുടുങ്ങിയ ഏഴുപേരെ രക്ഷപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം ഉനയിൽ നൂറു മില്ലിമീറ്റർ മഴയും, ബിലാസ്പുരിൽ 70 മില്ലിമീറ്റർ മഴയുമാണ് ലഭിച്ചതെന്ന് ഹിമാചൽ കാലാവസ്ഥ വകുപ്പിലെ മുതിർന്ന ശാസ്ത്രജ്ഞൻ സന്ദീപ് കുമാർ ശർമ്മ ദേശീയ വാർത്താ ഏജൻസിയോട് പറഞ്ഞു.
രാജ്യതലസ്ഥാനത്തും കനത്ത മഴ തുടരുകയാണ്. മഴയിൽ പ്രധാനപ്പെട്ട റോഡുകളിൽ വെള്ളക്കെട്ടായതോടെ നഗരത്തിലെ ഗതാഗതം തടസപ്പെട്ടു. നജഫ്ഗഡ്-ഫിർനി റോഡ്, റിംഗ് റോഡ് തുടങ്ങിയ റോഡുകളിൽ ഡൽഹി ട്രാഫിക് പൊലീസ് നിയന്ത്രണമേർപ്പെടുത്തി. ചാവ്‌ല സ്റ്റാൻഡിന് സമീപം വെള്ളക്കെട്ടുണ്ടായതും മൂന്ന് ക്ലസ്റ്റർ ബസുകൾ തകരാറിലായതും ഗതാഗത തടസ്സം രൂക്ഷമാക്കി. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പ്രദേശവാസികളോട് വീടുകൾക്കുള്ളിൽ തന്നെ തുടരാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും കാലവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഓഗസ്റ്റ് ഇരുപത് വരെ തലസ്ഥാനത്ത് മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.