'നിറഞ്ഞ മനസ്സോടെ പടിയിറങ്ങുകയാണ്'; റയല്‍ മാഡ്രിഡിനോട് വിടപറയാനൊരുങ്ങി മോഡ്രിച്ച്

'ഒടുവില്‍ ആ സമയം വന്നിരിക്കുന്നു, ഞാന്‍ ഒരിക്കലും വരാന്‍ ആഗ്രഹിക്കാത്ത നിമിഷം'
'നിറഞ്ഞ മനസ്സോടെ പടിയിറങ്ങുകയാണ്';  റയല്‍ മാഡ്രിഡിനോട് വിടപറയാനൊരുങ്ങി മോഡ്രിച്ച്
Published on

റയല്‍ മാഡ്രിഡിനോട് വിടപറയാനൊരുങ്ങി ലൂക്കാ മോഡ്രിച്ച്. സീസണിലെ അവസാന ലാ ലിഗ മത്സരത്തില്‍ ശനിയാഴ്ച റയല്‍ സോസിഡാഡിനെ നേരിടുമ്പോള്‍, റയല്‍ ബെര്‍ണബ്യൂവിന്റെ സ്വന്തം മൈതാനത്ത് മോഡ്രിച്ച് തന്റെ അവസാന മത്സരം കളിക്കും.

'ഒരിക്കലും വരാന്‍ ആഗ്രഹിക്കാത്ത ആ സമയം വന്നിരിക്കുന്നു' എന്ന കുറിപ്പോടെ മോഡ്രിച്ച് തന്നെയാണ് ക്ലബ്ബ് വിടുന്ന കാര്യം ഫുട്‌ബോള്‍ ലോകത്തെ അറിയിച്ചത്. ജീവിതത്തില്‍ എല്ലാ തുടക്കങ്ങള്‍ക്കും ഒരു അവസാനമുണ്ടാകുമെന്നും മോഡ്രിച്ച് കുറിച്ചു.

റയലിനൊപ്പം 2012 ല്‍ ആരംഭിച്ച യാത്രയാണ് മോഡ്രിച്ച് അവസാനിപ്പിക്കുന്നത്. ഇതിനിടയില്‍ ആറ് ചാംപ്യൻസ് ലീഗുകളും നാല് ലാ ലിഗ കിരീടങ്ങളും ഉള്‍പ്പെടെ 28 ട്രോഫികള്‍ നേടി. ലോകത്തിലെ ഏറ്റവും മികച്ച ടീമിന്റെ ജേഴ്‌സി അണിയാനുള്ള ആഗ്രഹവും മികച്ച കാര്യങ്ങള്‍ ചെയ്യാനുള്ള അഭിലാഷവുമായാണ് 2012 ല്‍ താന്‍ റയലില്‍ എത്തിയത്. അതിനു ശേഷം സംഭവിച്ചതൊന്നും തന്റെ ഭാവനയില്‍ പോലും ഉണ്ടായിരുന്നില്ല.

വ്യക്തി എന്ന നിലയിലും ഫുട്‌ബോളര്‍ എന്ന നിലയിലും റയല്‍ മാഡ്രിഡ് തന്റെ ജീവിതം മാറ്റിമറിച്ചു. ചരിത്രത്തിലെ ഏറ്റവും മികച്ച ക്ലബ്ബിന്റെ ഏറ്റവും വിജയകരമായ യുഗങ്ങളിലൊന്നിന്റെ ഭാഗമായതില്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

മോഡ്രിച്ചിന്റെ പടിയിറക്കത്തോടെ റയലിന്റെ ഒരു യുഗത്തിനാണ് തിരശ്ശീല വീഴുന്നത്. റയലിനു വേണ്ടി 590 മത്സരങ്ങളില്‍ ലൂക്ക മോഡ്രിച്ച് പന്ത് തട്ടി. 43 ഗോളുകളും 95 അസിസ്റ്റുകളും സ്വന്തം പേരിലാക്കി. കഴിഞ്ഞ സ്പാനിഷ് ലീഗില്‍ റയലിന്റെ രണ്ട് ഗോളുകളും ആറ് അസിസ്റ്റുകളും മോഡ്രിച്ചിന്റെ കാലുകളില്‍ നിന്നായിരുന്നു. ആറ് ചാംപ്യന്‍സ് ലീഗ്, ആറ് ഫിഫ ക്ലബ്ബ് ലോകകപ്പ്, അഞ്ച് യൂറോപ്യന്‍ സൂപ്പര്‍ കപ്പ്, നാല് ലാ ലിഗ കിരീടങ്ങള്‍ ഇങ്ങനെ നീളുന്നു നേട്ടങ്ങളുടെ പട്ടിക.

കഴിഞ്ഞ വര്‍ഷമാണ് മോഡ്രിച്ചുമായുള്ള കരാര്‍ ഒരു വര്‍ഷത്തേക്കു കൂടി റയല്‍ പുതുക്കിയത്. അവസാന സീസണില്‍ ക്ലബ്ബിന് രണ്ട് ട്രോഫികള്‍ നേടിക്കൊടുത്ത നായകനായിരുന്നു മോഡ്രിച്ച്. ഇതോടെ റയലിന്റെ ഏറ്റവും വിജയകരമായ കളിക്കാരനെന്ന നാച്ചോ ഫെര്‍ണാണ്ടസിന്റെ റെക്കോര്‍ഡും അദ്ദേഹം മറികടന്നു.

മറക്കാനാകാത്ത ഓര്‍മകള്‍ നല്‍കിയ ക്ലബ്ബില്‍ നിന്നും നന്ദിയോടെയും അഭിമാനത്തോടും കൂടി നിറഞ്ഞ മനസ്സോടെയാണ് താന്‍ പടിയിറങ്ങുന്നതെന്നാണ് വൈകാരികമായ കുറിപ്പില്‍ മോഡ്രിച്ച് പറഞ്ഞത്. 2018 ലെ ബാലൺ ഡി ഓർ ജേതാവായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com