
സർക്കാർ ആശുപത്രികളുടെ പേര് കേന്ദ്രം നിർദേശിച്ചത് പോലെ മാറ്റില്ലെന്ന് ആരോഗ്യ വകുപ്പ്. പകരം നിലവിലെ ആശുപത്രികളുടെ പേരിനൊപ്പം ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍ എന്ന് ചേർക്കും. ആരോഗ്യം പരമം ധനം എന്നത് ടാഗ്‌ലൈനായും ഉപയോഗിക്കും. കേന്ദ്ര നിർദേശത്തെ തുടർന്ന് ആശുപത്രികളുടെ പേര് മാറ്റുന്നുവെന്ന് പ്രചരിച്ചിരുന്നു. എന്നാല്‍ വിഷയത്തില്‍ ആരോഗ്യ മന്ത്രി തന്നെ സ്ഥിരീകരണം നല്‍കി.
സംസ്ഥാനത്തെ ആശുപത്രികളുടെ പേര് മാറ്റുന്നുവെന്നത് അടിസ്ഥാനരഹിതമായ പ്രചരണമാണെന്നും ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍, നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ ഇനിയും ആ പേരുകളില്‍ തന്നെ അറിയപ്പെടുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. നെയിം ബോര്‍ഡുകളില്‍ ആ പേരുകളാണ് ഉണ്ടാകുക. എന്നാല്‍ ബ്രാന്‍ഡിംഗിനായി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച 'ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍', 'ആരോഗ്യം പരമം ധനം' എന്നീ ടാഗ് ലൈന്‍ കൂടി ഉള്‍പ്പെടുത്തുകയാണ് ചെയ്യുക. മറിച്ചുള്ള പ്രചരണം തെറ്റാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
നാഷണൽ ഹെൽത്ത് മിഷനില്‍ നിന്നും ഫണ്ട് ലഭിക്കുന്നതില്‍ പ്രയാസം നേരിടുന്നതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് സൂചന.