
2024 പാരിസ് ഒളിംപിക്സ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിനുള്ള അവസാന വട്ട തയ്യാറെടുപ്പിലാണ് ഇന്ത്യൻ അത്ലറ്റുകൾ. ഈ അവസരത്തിൽ ഇന്ത്യയുടെ 10 പ്രധാനപ്പെട്ട മെഡൽ പ്രതീക്ഷകളെക്കുറിച്ച് നമുക്കൊന്ന് നോക്കാം.
1. നീരജ് ചോപ്ര
ജാവലിൻ ത്രോയിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷ നിലനിർത്തുക എന്നതാണ് നീരജ് ചോപ്രയുടെ ലക്ഷ്യം. മത്സരങ്ങളേക്കാൾ ഫിറ്റ്നസിന് മുൻഗണന നൽകുന്നതിനാൽ, കഴിഞ്ഞ മാസം പാവോ നൂർമി ഗെയിംസിൽ വിജയിച്ചതിന് ശേഷം നിലവിലെ ഒളിമ്പിക് ചാമ്പ്യൻ നീരജ് ചോപ്ര മറ്റൊരു മത്സരത്തിലും പങ്കെടുത്തിട്ടില്ല. ഈ ലിസ്റ്റിലെ ഏതാനും കായിക താരങ്ങളെപ്പോലെ, നീരജും ഇപ്പോൾ ജർമനിയിലെ സാർബ്രൂക്കനിൽ പരിശീലനത്തിലാണ്.
2. വിനേഷ് ഫോഗാട്ട്
സ്പെയിൻ ഗ്രാൻഡ് പ്രീയുടെ ഫൈനലിൽ മരിയ ടിയുമെറെക്കോവയെ 10-5ന് പരാജയപ്പെടുത്തി ഇന്ത്യയുടെ ഗുസ്തി താരം വിനേഷ് ഫോഗാട്ട് കിരീടം നേടിയിരുന്നു. നേരത്തെ പരിചിതമല്ലാത്ത 50 കെ.ജി ക്യാറ്റഗറിയിലാണ് ഒളിംപിക്സിൽ മത്സരിക്കുന്നതെങ്കിലും ഗ്രാന്റ് പ്രിയിൽ ഇതേ ക്യാറ്റഗറിയിൽ വിനേഷ് പൂർണ ആത്മവിശ്വാസത്തിലായിരുന്നു. ഗ്രാന്റ് പ്രി വിജയം നൽകുന്ന ആത്മവിശ്വാസത്തിൽ വിനേഷ് മാഡ്രിഡിൽ തന്റെ ഒളിമ്പിക് പരിശീലനം തുടരുകയാണ്.
3. പിവി സിന്ധു
ബാഡ്മിന്റണിൽ ഒരു മെഡലിൽ കുറഞ്ഞതൊന്നും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല. കാരണം, പി.വി. സിന്ധുവാണ് ഇന്ത്യയ്ക്കായി പാരീസിൽ കളത്തിലിറങ്ങുന്നത്. തുടർച്ചയായ മൂന്നാം ഒളിമ്പിക്‌സ് മെഡൽ തേടി പാരീസിലെത്തുന്ന സിന്ധു ഇപ്പോൾ ജർമനിയിലെ സാർബ്രൂക്കനിൽ കോച്ച് അഗസ് ദ്വി സാൻ്റോസോയ്ക്കും സംഘത്തിനുമൊപ്പം പരിശീലനത്തിലാണ്. ഗ്രൂപ്പ് ഘട്ടത്തിൽ, എസ്തോണിയയുടെ ക്രിസ്റ്റിൻ ക്യൂബയെയും (ലോക നമ്പർ 75) മാലിദ്വീപിൻ്റെ ഫാത്തിമത്ത് നബാഹ അബ്ദുൾ റസാഖിനെയുമാണ് സിന്ധുവിന് നേരിടാനുള്ളത്.
4. സാത്വിക് സായ്രാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും
സാത്-ചി എന്നറിയപ്പെടുന്ന ഈ ബാഡ്മിന്റൺ ഡബിൾസ് ജോഡി സിംഗപ്പൂർ ഓപ്പണിൽ പരാജയപ്പെട്ടതിന് ശേഷം ബാഡ്മിന്റൺ വേൾഡ് ഫെഡറേഷന്റെ മത്സരങ്ങളിലൊന്നും പങ്കെടുത്തിട്ടില്ല. ഫോമിലെ ചെറിയ മങ്ങലും അവസാനത്തെ പരാജയവും മാറ്റി നിർത്തിയാൽ പാരീസിലേക്കുള്ള ഇന്ത്യൻ സംഘത്തിലെ ഹോട്ട് ഫേവറ്റേറ്റുകൾ തന്നെയാണ് സാത്-ചി സഖ്യം.
ഇന്തോനേഷ്യയുടെ നിലവിലെ ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻമാരായ ഫജാർ അൽഫിയാൻ, മുഹമ്മദ് അർഡിയാൻ്റോ (ലോക നമ്പർ 6), ജർമനിയുടെ മാർക്ക് ലാംസ്ഫസ്, മാർവിൻ സെയ്ഡൽ (ലോക നമ്പർ 31), ഫ്രാൻസിൻ്റെ ലൂക്കാസ് കോർവി റോണൻ ലാബർ (ലോക നമ്പർ 43) എന്നിവർ അടങ്ങുന്ന ഗ്രൂപ്പിലാണ് ലോക മൂന്നാം നമ്പർ സീഡായ ഇവരുടെ സ്ഥാനം.
5. അതിഥി അശോക്
ഗോൾഫിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയാണ് അതിഥി. ഫ്രാൻസിലെ അമുണ്ടി ഇവിയൻ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തുകൊണ്ടിരിക്കുന്ന അദിതി അശോക് 2024ൽ മികച്ച ഫോമിലാണ്. തന്റെ കരിയറിലെ ഏറ്റവും ഉയർന്ന റാങ്കായ പതിനേഴാം സ്ഥാനം വെട്ടിപ്പിടിക്കാനും അതിഥിയ്ക്കായി. ഈയടുത്ത് കഴിഞ്ഞ നാല് ടൂർണമെന്റുകളിൽ മൂന്നിലും അദിതിയുടെ ആവറേജ് 70 ശതമാനമാണ്.
6. പുരുഷ ഹോക്കി ടീം
ബെംഗളൂരുവിലെ ഒരു ചെറിയ ഹോക്കി ക്യാമ്പിന് ശേഷം, കഴിഞ്ഞ ഒളിംപിക്സിലെ മെഡൽ ജേതാക്കളായ പുരുഷ ഹോക്കി ടീം ബോണ്ടിംഗ് വ്യായാമത്തിനായി സ്വിറ്റ്സർലൻഡിലേക്ക് യാത്ര തിരിച്ചിരുന്നു. അവർ ഇപ്പോൾ നെതർലാൻഡിൽ പരിശീലനം നടത്തുകയാണ്. ഈ മാസം 20ന് ഇവർ പാരീസിൽ എത്തും. ചെറിയ ഫോം പ്രശ്നങ്ങൾ അവരെ അലട്ടുന്നുണ്ടെങ്കിലും ഒരു തിരിച്ചുവരവ് നടത്താൻ കെൽപ്പുള്ള ടീമാണ് ഇന്ത്യൻ ഹോക്കി ടീം.
7. നിഖത് സരീൻ
മെയ് മാസത്തിലെ തന്റെ അവസാന ചാമ്പ്യൻഷിപ്പ് വിജയമായ എലോർദ കപ്പിന് ശേഷമാണ് രണ്ടുതവണ ലോക ഒന്നാം നമ്പർ താരമായി തെരഞ്ഞെടുക്കപ്പെട്ട നിഖിത് സരീൻ പാരീസിലേക്ക് പറക്കുന്നത്. തന്നോടൊപ്പമുള്ള മറ്റ് അഞ്ച് ബോക്സിങ് താങ്ങൾക്കുമൊപ്പം ജർമനിയിലെ സാർബ്രൂക്കനിൽ പരിശീലനത്തിലാണ് നിഖത്.
8. ലോവ്ലിന ബോർഗോഹെയ്ൻ
സാർബ്രൂക്കൻ ക്യാമ്പിലെ ബോക്സർമാരിൽ ഒരാളായ ലോവ്ലിനയുടെ അവസാന മത്സരം ജൂണിൽ ചെക്ക് റിപ്പബ്ലിക്കിലെ ഗ്രാൻഡ് പ്രി ഉസ്തി നാഥ് ലാബെമിലെ വെള്ളി മെഡൽ നേട്ടമാണ്. പാരീസിൽ ലോവ്ലീനയ്ക്ക് വെല്ലുവിളിയായി മാറാൻ സാധ്യതയുള്ള ലി ക്വിയാനായിരുന്നു ഫൈനലിൽ താരത്തെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ ഏഷ്യൻ ഗെയിംസിലും ലോവ്ലീന ലിക്വിയാനിനോട് പരാജയപ്പെട്ടിരുന്നു. പക്ഷെ, കഴിഞ്ഞ ലോക ചാമ്പ്യൻഷിപ്പിൽ ലോവ്ലീന ലി ക്വിയാനിനെ പരാജയപ്പെടുത്തിയിരുന്നു.
9. സിഫ്റ്റ് കൗർ സമ്ര
ഇന്ത്യയുടെ മറ്റ് റൈഫിൾ ടീമിനൊപ്പം സിഫ്റ്റ് കൗർ സംര തിങ്കളാഴ്ച ഡൽഹിയിൽ നിന്ന് പുറപ്പെട്ടിരുന്നു. മ്യൂണിക് ലോകകപ്പിൽ സിഫ്റ്റ് കൗർ വെങ്കലം നേടിയിരുന്നു.
10. മീരാഭായ് ചാനു
ഒളിമ്പിക് വെള്ളി മെഡൽ ജേതാവ് മീരാഭായ് ചാനു പരിശീലനത്തിൻ്റെ അവസാന ഘട്ടത്തിലാണ്. കഴിഞ്ഞ ഒരു വർഷമായി മീരാഭായ് ചാനു പരുക്കിന്റെ പിടിയിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമങ്ങളിലാണ്. സ്‌നാച്ചിൽ 90 കിലോയും ക്ലീൻ ആൻഡ് ജെർക്കിൽ 115 കിലോയും ഉയർത്തുക എന്നതാണ് തന്റെ ഇപ്പോഴത്തെ ലക്ഷ്യമെന്ന് മീരാഭായ് നേരത്തെ പറഞ്ഞിരുന്നു.