
മഞ്ഞപ്പിത്തം അടക്കമുള്ള രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നത് അടിയന്തര പ്രമേയമായി സഭയിൽ അവതരിപ്പിച്ച് പ്രതിപക്ഷം. പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. മഞ്ഞപ്പിത്തത്തിലും ജലജന്യ രോഗങ്ങളിലുമാണ് ഇന്ന് കേരളം ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നതെന്ന് നോട്ടീസ് നൽകി കൊണ്ട് ടി.വി ഇബ്രാഹിം എംഎൽഎ പറഞ്ഞു. എല്ലാത്തിനും നടപടി എടുത്തിട്ടുണ്ട് എന്ന് പറഞ്ഞ് ഒഴിയുന്ന സർക്കാർ സമീപനം ശരിയല്ല. കേരളത്തിൻ്റെ ആരോഗ്യവകുപ്പ് പനിപിടച്ചു കിടക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
അതേസമയം, ആരോഗ്യവകുപ്പ് പനിപിടിച്ചു കിടക്കുകയായിരുന്നെങ്കിൽ കൊണ്ടോട്ടിയിൽ 33 കോടി രൂപയുടെ ആശുപത്രി വികസന പ്രവർത്തനങ്ങൾ നടക്കില്ലായിരുന്നെന്ന് മന്ത്രി വീണ ജോർജ് മറുപടി നൽകി. സംസ്ഥാനത്ത് പകർച്ച വ്യാധി വ്യാപനം തടയാൻ എല്ലാവിധ മുൻകരുതലുകളും സ്വീകരിച്ചിരുന്നു. ആരോഗ്യവകുപ്പ് നടത്തുന്നത് വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന ജാഗ്രതാ പ്രവർത്തനങ്ങളാണ്. ഡെങ്കുവും, എലിപ്പനിയും നിയന്ത്രിക്കാൻ കഴിഞ്ഞെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് മഞ്ഞപ്പിത്തം നിയന്ത്രണവിധേയമാണെന്നും മന്ത്രി പറഞ്ഞു. മഞ്ഞപ്പിത്തം പടരുന്ന സാഹചര്യം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ടി.വി ഇബ്രാഹിം നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
മന്ത്രിയുടെ വിശദീകരണത്തിൻ്റെ അടിസ്ഥാനത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ആരോഗ്യവകുപ്പാണ് രോഗങ്ങൾ ഉണ്ടാകാൻ കാരണമെന്ന ആക്ഷേപം ഉന്നയിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. പോരായ്മകൾ ചോദ്യം ചെയ്യപ്പെടുമെന്നും തിരുവനന്തപുരത്ത് വെള്ളക്കെട്ട് ഉണ്ടായിട്ട് ഒരു മന്ത്രി പോലും തിരിഞ്ഞ് നോക്കിയില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സംസ്ഥാനം മുഴുവനും ഇതാണ് അവസ്ഥ. മഴക്കാല ശൂചീകരണ പ്രവർത്തനം ഏറ്റവും മോശമായി നടത്തിയ വർഷമാണിതെന്നും വി.ഡി സതീശൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ മാർഗനിർദേശങ്ങൾ ഉള്ളതുകൊണ്ടാണ് യോഗങ്ങൾ പലതും ചേരാൻ സാധിക്കാതെ വന്നതെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. മഴ പെയ്താൽ എല്ലായിടത്തും വെള്ളം കയറുമെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാൽ യോഗം ചേരുന്നതിന് മാത്രമാണ് വിലക്കുണ്ടായിരുന്നത്. ശുചീകരണ പ്രവർത്തനങ്ങൾക്ക് വിലക്കില്ലല്ലോയെന്നും പ്രതിപക്ഷം തിരിച്ചടിച്ചു. കുടിവെള്ളം കൊണ്ടുവരുന്ന ലോറികൾ എവിടുന്നാണ് വെള്ളം കൊണ്ടുവരുന്നത്. ഇത് ആരാണ് പരിശോധിക്കാനുള്ളത് . എന്ത് വിശ്വസിച്ചാണ് ആളുകൾ വെള്ളം കുടിക്കുന്നതെന്നും ഇതിനൊക്കെ സർക്കാർ മറുപടി പറയണമെന്നും വി.ഡി സതീശൻ പറഞ്ഞു.
കടലാക്രമണ ദുരിതം കെ.കെ രമ എംഎൽഎ സഭയിൽ ഉന്നയിച്ചു. കടലാക്രമണം കൊണ്ടുണ്ടാകുന്ന പ്രശ്നം പരിഹരിക്കാൻ ഒരു ജില്ലയ്ക്ക് 25 ലക്ഷം രൂപയാണ് അനുവദിക്കുന്നത്. ഈ തുക കൊണ്ട് പ്രശ്നം പരിഹരിക്കാൻ കഴിയില്ലെന്നും കെ.കെ രമ പറഞ്ഞു.
പ്രശ്നങ്ങൾ പരിഹരിക്കാൻ ജില്ലകൾക്ക് അനുവദിക്കുന്ന തുക പര്യാപ്തമല്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ സമ്മതിച്ചു. ഹോട്ട്‌സ്പോട്ടിൽ ഉൾപ്പെടാത്ത പ്രദേശങ്ങളിലും രൂക്ഷമായ കടലാക്രമണം ഉണ്ടാകുന്നുണ്ട്. പഠനം നടത്തി പ്രശ്നങ്ങൾ പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വളരെ പെട്ടെന്നുള്ള ജോലി ചെയ്യാൻ മാത്രമാണ് 25 ലക്ഷം രൂപ അനുവദിക്കുന്നത്. ഓരോ സ്ഥലത്തും ഇപ്പോൾ 50 ലക്ഷം രൂപ വീതം അനുവദിക്കുന്നുണ്ട്. ആ തുക കൊണ്ട് പ്രശ്നം പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയില്ലെന്നും മന്ത്രി പറഞ്ഞു.
മത്സ്യബന്ധനത്തിന് പോകുന്ന ക്ഷേമനിധി അംഗങ്ങളല്ലാത്തവർക്ക് അപകടം പറ്റിയാൽ ധനസഹായം നൽകുന്ന കാര്യത്തിൽ ചർച്ച നടത്തുമെന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. മരണപ്പെട്ടവരുടെ കുടുംബത്തിന് സിഎംആർഡിഎഫിൽ നിന്ന് 2 ലക്ഷം വീതം നൽകിയിരുന്നു. മത്സ്യക്ഷേമനിധി ബോർഡുമായി ആലോചിച്ച് മറ്റ് തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി.